തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടരുമ്പോള്‍ എണ്ണമറ്റ ഫോട്ടോകളും വീഡിയോകളുമാണ് ‘കേരളത്തില്‍ ഭീകരത’ എന്നും മറ്റുമുള്ള അടിക്കുറിപ്പുകളോടെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രചാരകായ രാജേഷിന്‍റെ മരണമുപയോഗപ്പെടുത്തിയാണ് ബിജെപി ഐടി സെല്ലും ചില വലതുപക്ഷ മാധ്യമങ്ങള്‍ക്കും വ്യാജവാര്‍ത്തകളും വീഡിയോകളും മറ്റുമുപയോഗിച്ച് വിദ്വേഷം പ്രചാരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു ബിജെപി അനുകൂല അക്കൗണ്ടില്‍ പുറത്തുവിട്ട അത്തരത്തിലൊരു വീഡിയോയുടെ സത്യാവസ്ഥയെ വെളിപ്പെടുത്തിക്കൊണ്ട് സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ വാര്‍ത്തകള്‍ തിരിച്ചറിയുന്നത് ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയ ഹോക്സ് സ്ലേയര്‍ ഈ വിദ്വേഷപ്രചാരണത്തെ തുറന്നുകാട്ടുന്നുണ്ട്.

“അലോസരപ്പെടുത്തുന്ന വീഡിയോ ! തെല്ലു ജീവന്‍ അവശേഷിക്കെ രാജേഷിനെ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോഴുള്ള വീഡിയോ” എന്ന പേരില്‍ പ്രദീപ്‌ മറാത് എന്ന ട്വിറ്റര്‍ പുറത്തുവിട്ട ദൃശ്യത്തെയാണ്‌ എസ്എം ഹോക്സ്സ്ലേയര്‍ തുറന്നുകാട്ടുന്നത്. 176 പേര്‍ റീട്വീറ്റ് ചെയ്തിരിക്കുന്ന ഈ വീഡിയോ 2014ല്‍ ബ്രസീലില്‍ നിന്നും പുറത്തുവന്ന വീഡിയോ ആണെന്നു തിരിച്ചറിയപ്പെട്ടു. “ബീഫ് കൊലകളെക്കുറിച്ച് സംസാരിക്കുന്ന മാധ്യമങ്ങള്‍ എന്തുകൊണ്ട് ഇത് കാണുന്നില്ല ” എന്നും മറ്റും പറഞ്ഞുകൊണ്ട് ചിലര്‍ അത് റീട്വീറ്റ് ചെയ്തപ്പോള്‍ രാജേഷിനു അഭിവാദ്യമര്‍പ്പിച്ചുകൊണ്ടുള്ളതും വെല്ലുവിളികള്‍ ഉയര്‍ത്തിക്കൊണ്ടുമുള്ളതുമായ ട്വീറ്റുകളും പ്രത്യക്ഷപ്പെട്ടു. ടൈംസ് നൗവും മറ്റും പുനരാവര്‍ത്തി ഉപയോഗിക്കുന്ന #KeralaKillingFields എന്നും #LeftistTerror, #JungleRajInKerala എന്നുമുള്ള ഹാഷ്ടാഗുകളോടു കൂടെയായിരുന്നു മറ്റുചില ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടത്.

വീഡിയോയ്ക്ക് ലഭിച്ച ചില റീട്വീറ്റുകള്‍

Shame on RajnathSingh! Until the Commie Butchures r hanged in public along with their ldrs, lynching of innocent Hindus in Kerala wont stop //t.co/afwYzTUBLt

— Johny (@kkdhyd24) July 30, 2017

കേരളത്തില്‍ മുസ്ലീംങ്ങളും സിപിഎമ്മും ഒറ്റക്കെട്ടാണ് എന്നും അവര്‍ ഹിന്ദുക്കള്‍ക്കെതിരെയാണ് എന്നും മറ്റും പറഞ്ഞുകൊണ്ടുള്ള മതവിദ്വേഷവും ഒളിച്ചുകടത്തുന്നുണ്ട്.

വീഡിയോ വ്യാജമാണ് എന്ന് തെളിയിക്കപ്പെട്ടതോടെ വീഡിയോ പ്രച്ചരിപ്പിച്ച പ്രൊഫൈല്‍ തന്നെ അത് ഡിലീറ്റ് ചെയ്യുകയുണ്ടായി. വാര്‍ത്തകള്‍ വന്നതോടുകൂടി പ്രൊഫൈലിന്‍റെ പേരുകൂടി മാറ്റിയിരിക്കുകയാണ് ഇപ്പോള്‍. ബിജെപി ഐടി സെല്ലിന്‍റെ നിയന്ത്രണത്തിലുള്ള ഈ പ്രൊഫൈലില്‍ നിന്നും @mountains_life എന്നപേരിലാണ് ഇപ്പോള്‍ ട്വീറ്റുകള്‍ വരുന്നത്. ബിജെപി ഐടി സെല്ലിലുള്ള പല പ്രമുഖരും ഈ പ്രൊഫൈലില്‍ നിന്നുമുള്ള ട്വീറ്റുകള്‍ നിരന്തരമായി റീട്വീറ്റ് ചെയ്യുന്നുണ്ട്.

കേരളത്തിനെതിരായി ബിജെപി ഐടി സെല്‍ സംഘടിതമായി ആക്രമണം നടത്തുന്നതും വിദ്വേഷം ജനിപ്പിക്കുവാനെന്ന ഉദ്ദേശത്തോടുകൂടി വ്യാജ ദൃശ്യങ്ങളും മറ്റും പ്രചരണാര്‍ത്ഥം ഉപയോഗിക്കുന്നതും ഇതാദ്യമായല്ല. നേരത്തേ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു എന്നാരോപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കൂടിയായ കുമ്മനം രാജശേഖരനെതിരെ പോലീസ്‌ കേസ് എടുത്തിരുന്നു.

സാമൂഹ്യമാധ്യമങ്ങള്‍ക്ക് പിന്നാലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ മറയാക്കികൊണ്ട് വാട്സപ്പ് വഴിയും ഇത്തരത്തില്‍ പല വ്യാജദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ