ന്യൂഡൽഹി: ഈ വർഷം നടത്താൻ തീരുമാനിച്ചിരുന്ന സെൻസസ് പ്രവർത്തനങ്ങളും ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) പുതുക്കുന്നതിനുള്ള നടപടികളും ഒരുവർഷത്തേക്ക് നീട്ടിവയ്ക്കാൻ സാധ്യത. 2021 സെൻസസിന്റെ ആദ്യഘട്ട പ്രവർത്തനങ്ങളായിരുന്നു ഈ വർഷം നടക്കേണ്ടിയിരുന്നത്. ഇതും എൻപിആർ പുതുക്കുന്നതിനുള്ള നടപടികളും ഒരു വർഷത്തേോളം വൈകിയേക്കാമെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞതായി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കോവിഡ് വ്യാപനം കുറയുന്ന സാഹചര്യമില്ലാത്തതിനാലാണ് നടപടിയെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യാ കണക്കെടുപ്പുകളിൽ ഒന്നാണ് ഇന്ത്യൻ സെൻസസ്. 30 ലക്ഷത്തിലധികം ഉദ്യോഗസ്ഥരാണ് കണക്കെടുക്കിൽ പങ്കാളികളാവുന്നത്.
“സെൻസസ് ഇപ്പോൾ അനിവാര്യമായ ഒരു കാര്യമല്ല. അത് ഒരു വർഷം വൈകിയാലും ഒരു ദോഷവും സംഭവിക്കില്ല,” ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു.
Read More: ലോക്സഭാ, നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പുകൾ: ഒറ്റ വോട്ടർ പട്ടിക വന്നേക്കും
സെൻസസ് 2021, എൻപിആർ പുതുക്കൽ എന്നിവയുടെ ആദ്യ ഘട്ടം എപ്പോൾ നടക്കുമെന്ന് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും എന്നാൽ കോവിഡ് കേസുകൾ വർദ്ധിക്കുന്നതിനാൽ 2020 ൽ ഇത് നടക്കില്ലെന്ന് ഏതാണ്ട് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
സെൻസസിന്റെ ഭാഗമായി വീടുകൾ പട്ടികപ്പെടുത്തുന്ന ഘട്ടവും എൻപിആർ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള നടപടിയും 2020 ഏപ്രിൽ ഒന്നു മുതൽ സെപ്റ്റംബർ 30 വരെ രാജ്യത്തുടനീളം നടത്താനായിരുന്നു കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് വ്യാപനത്തെത്തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.
“മുഴുവൻ നടപടികൾക്കും ലക്ഷക്കണക്കിന് ഉദ്യോഗസ്ഥരുടെ പങ്കാളിത്തവും ഓരോ കുടുംബത്തിലേക്കുള്ള സന്ദർശനവും ആവശ്യമുള്ളതിനാൽ, അതിൽ ഉൾപ്പെടുന്ന രോഗവ്യാപനവുമായി ബന്ധപ്പെട്ട അപകടത്തെ ഇല്ലാതാക്കാൻ ഞങ്ങൾക്ക് കഴിയില്ല,” ഉദ്യോഗസ്ഥർ പറഞ്ഞു.
Read More: Unlock 4.0 Guidelines: സെപ്തംബര്‍ 7 മുതല്‍ മെട്രോകള്‍ പ്രവര്‍ത്തനം ആരംഭിക്കും
ഒരുദിവസം 78,761 കേസുകൾ എന്ന റെക്കോഡ് നിലയിലാണ് രാജ്യത്ത് കോവിഡ് കണക്കുകൾ . ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകൾ 35,42,733 ആയി ഉയർന്നു. ഞായറാഴ്ചത്തെ കണക്കനുസരിച്ച് കോവിഡ് മരണസംഖ്യ 63,498 ആയി വർധിക്കുകയും ചെയ്തു.
മുൻ ഷെഡ്യൂൾ അനുസരിച്ച്, സെൻസസ് റഫറൻസ് തീയതി 2021 മാർച്ച് 1 ആയിരിക്കണമെന്നും മഞ്ഞുമൂടിയ പ്രദേശങ്ങളായ ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ അത് 2020 ഒക്ടോബർ 1 ആയിരിക്കണമെന്നും നിഷ്കർഷിച്ചിരുന്നു.
“കോവിഡ് -19 ഭീഷണി ഇപ്പോഴും വലിയ തോതിൽ തുടരുകയാണ്. സെൻസസും എൻപിആറും ഇപ്പോൾ സർക്കാരിന്റെ മുൻഗണനാ പട്ടികയിൽ ഇല്ല,” മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു.
മാർച്ചിൽ എൻപിആർ പുതുക്കൽ, സെൻസസ് എന്നിവയുടെ ആദ്യ ഘട്ടത്തിനായി രജിസ്ട്രാർ ജനറൽ, സെൻസസ് കമ്മീഷണർ എന്നിവരെ ചുമതലപ്പെടുത്തിയിരുന്നു. ചില സംസ്ഥാന സർക്കാരുകൾ എൻപിആർ പുതുക്കലിനെ എതിർത്തുവെങ്കിലും സെൻസസിന് എല്ലാവരും പൂർണ്ണ പിന്തുണ നൽകിയിരുന്നു.
Read More: പാർലമെന്റ് സമ്മേളനത്തിനു മുൻപ് എംപിമാർ കോവിഡ് പരിശോധന നടത്തണം
ഇന്ത്യയിലെ ജനങ്ങളെക്കുറിച്ചുള്ള വിവിധതരം സ്ഥിതിവിവരക്കണക്കുകളുടെ ഏറ്റവും വലിയ ശേഖരമാണ് സെൻസസിലൂടെ രേഖപ്പെടുത്തുന്നത്. വിവിധ നയങ്ങൾ രൂപപ്പെടുത്തുന്നതിന് സെൻസസ് വിവരങ്ങളെ സർക്കാരുകൾ അടിസ്ഥാനമാക്കുന്നുണ്ട്. 130 വർഷത്തിലധികം ചരിത്രമുള്ള സെൻസസ് ഓരോ 10 വർഷം കൂടുമ്പോഴുമാണ് സംഘടിപ്പിക്കുന്നത്.
രാജ്യത്ത് താമസിക്കുന്നവരുടെ സമഗ്രമായ വിവര ശേഖരം സൃഷ്ടിക്കുക എന്നതാണ് എൻപിആറിന്റെ ലക്ഷ്യമായി പറയുന്നത്. എൻപിആർ ഡാറ്റാബേസിൽ ബയോമെട്രിക് വിവരങ്ങൾ അടക്കമുള്ള വിശദാംശങ്ങൾ രേഖപ്പെടുത്തും. തദ്ദേശ സ്ഥാപനങ്ങൾ മുതൽ സംസ്ഥാന, കേന്ദ്ര സർക്കാരുകൾ വരെ വിവിധ തലങ്ങളിലായാണ് എൻപിആർ വിവര ശേഖരണം. 2010ലാണ് അവസാനത്തെ എൻപിആർ പട്ടിക തയ്യാറാക്കിയത്. 2015 ൽ ആധാർ വിവരങ്ങൾ, മൊബൈൽ നമ്പർ തുടങ്ങിയ വിശദാംശങ്ങൾ ചേർത്ത് ഇവ പുതുക്കുകയും ചെയ്തിരുന്നു.
Read More: Census, NPR unlikely in 2020 amidst coronavirus pandemic