ന്യൂഡൽഹി: രാജ്യത്തുണ്ടായ പെട്രോൾ വില വർദ്ധനവിനെ പിന്തുണച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. രാജ്യത്തുണ്ടായിരിക്കുന്ന വില വർദ്ധനവ് കോൺഗ്രസ് കാലത്തേതിന് സമാനമാണെന്നും അദ്ദേഹം പറഞ്ഞു.

“കോൺഗ്രസ് ഭരിച്ചിരുന്ന അതേകാലത്തെ പെട്രോൾ വില തന്നെയാണ് ഇപ്പോഴും ഉളളത്. പക്ഷെ അവർക്കത് ഇപ്പോൾ സഹിക്കുന്നില്ല. സർക്കാർ ഇതേക്കുറിച്ച് ആലോചിക്കുന്നുണ്ട്. ദീർഘകാല പരിഹാരം ഉണ്ടാക്കും,” ഇതായിരുന്നു പെട്രോൾ ഡീസൽ വില വർദ്ധനവിനെ കുറിച്ചുളള പ്രതികരണം.

രാഹുൽ ഗാന്ധി പ്രതിപക്ഷത്താണിരിക്കുന്നതെന്നും അതുകൊണ്ടാണ് അദ്ദേഹം കുറ്റം പറയുന്നതെന്നും അമിത് ഷാ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളിൽ വസ്തുത ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പിലും ശിവസേനയെ ഒപ്പം നിർത്തി മാത്രമേ ലോക്‌സഭ തിരഞ്ഞെടുപ്പ് നേരിടൂവെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. ബിജെപിയുടെ കേന്ദ്ര ഭരണം നാല് വർഷം പൂർത്തിയാക്കിയ സാഹചര്യത്തിൽ പ്രത്യേകം വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാരാഷ്ട്രയിൽ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് തുടങ്ങിയ ഇരുപാർട്ടികളും തമ്മിലുളള അഭിപ്രായ ഭിന്നതയ്ക്ക് ഇപ്പോഴും ഒരു മാറ്റവുമില്ല. ഈ സാഹചര്യത്തിലാണ് ശിവസേനയുമായി എന്തൊക്കെ ഭിന്നത ഉണ്ടെങ്കിലും അടുത്ത തിരഞ്ഞെടുപ്പിലും സഖ്യകക്ഷി തന്നെയായിരിക്കുമെന്ന് അമിത് ഷാ നയം വ്യക്തമാക്കിയിരിക്കുന്നത്.

തെലങ്കാനയിൽ ടിഡിപി പോയെങ്കിലും ബിഹാറിൽ നിതീഷ് കുമാറിന്റെ മടങ്ങിവരവ് എൻഡിഎക്ക് ശക്തി പകർന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2014 ന് ശേഷം 14 പാർട്ടികളാണ് എൻഡിഎയ്ക്ക് ഒപ്പം ചേർന്നത്. ഈ സാഹചര്യത്തിൽ 2019 ലും തങ്ങൾ തന്നെ അധികാരത്തിൽ വരുമെന്ന് അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ