ന്യൂഡല്‍ഹി: വ്യാജ വാര്‍ത്തകള്‍ വാട്സ്ആപ്പിലൂടെ പ്രചരിച്ചതിലൂടെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അടിക്കടി സംഭവിച്ച പശ്ചാത്തലത്തില്‍ ഫെയ്സ്ബുക്ക് ഉടമസ്ഥതയിലുളള വാട്സ്ആപ്പിനെ കേന്ദ്ര സര്‍ക്കാര്‍ അതൃപ്തി അറിയിച്ചു. ‘വിശ്വസയോഗ്യമല്ലാത്തതും സ്ഫോടനാത്മകവും ആയ സന്ദേശങ്ങള്‍’ വാട്സ്ആപ്പിലൂടെ പ്രചരിക്കുന്നത് എത്രയും പെട്ടെന്ന് തടയണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. വാട്സ്ആപ്പിന് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാനാവില്ലെന്ന് ഇലക്ട്രോണിക്- വിവരസാങ്കേതിക മന്ത്രാലയം അറിയിച്ചു.
അസം, മഹാരാഷ്ട്ര, കര്‍ണാടക, ത്രിപുര, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വേദനാജനകവും ഖേദകരവുമാണെന്ന് ഐടി മന്ത്രാലയം വ്യക്തമാക്കി. പ്രകോപനകരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് വാട്സ്ആപ്പ് പേലെയുളള പ്ലാറ്റ്ഫോമുകള് ഉപയോഗിക്കപ്പെടുന്നത് ആശങ്കാജനകമാണെന്നും കേന്ദ്രം വാട്സ്ആപ്പിനെ അറിയിച്ചു.
‘ഇത്തരം പ്ലാറ്റ്ഫോമുകളില്‍ നിരുത്തരവാദിത്തപരമായ സന്ദേശങ്ങള്‍ പ്രചരിക്കപ്പെടുന്നത് വിവരസാങ്കേതിക മന്ത്രാലയം വളരെ ഗൗരവകരമായിട്ടാണ് കാണുന്നത്. കേന്ദ്രത്തിന്റെ അതൃപ്തി വാട്സ്ആപ്പിനെ അറിയിക്കുകയും വേണ്ട രീതിയിലുളള നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്’, കേന്ദ്രം പ്രസ്താവനയില്‍ അറിയിച്ചു. വാട്സ്ആപ്പിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജ്യത്ത് പലയിടങ്ങളിലും ആള്‍ക്കൂട്ട ആക്രമണം നടക്കുന്നുണ്ട്.
കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘം സജീവമാണെന്ന് വാട്സ്ആപ്പില്‍ പ്രചരണം നടക്കുന്നതിനെ തുടര്‍ന്നാണ് അക്രമങ്ങള്‍ നടന്നത്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ദുലെ ജില്ലയില്‍ അഞ്ച് പേരെ ജനക്കൂട്ടം തല്ലിക്കൊന്നിരുന്നു. ആദിവാസി ഗ്രാമമായ റയിന്‍പാടയില്‍ ബസില്‍ വന്നിറങ്ങിയ സംഘത്തിലെ അഞ്ച് പേരെയാണ് ആക്രമിച്ചത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഗ്രാമത്തിലെ ഒരു കുട്ടിയോട് സംസാരിക്കുന്നത് കണ്ട് ഞായറാഴ്ച ബസാറില്‍ കൂടിയിരുന്ന ആളുകള്‍ ആക്രമിക്കുകയായിരുന്നു.
ചെന്നൈയിലും സമാനമായ ആക്രമണം ഉണ്ടായിട്ടുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടു പോവാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് രണ്ട് പേരെയാണ് ആള്‍ക്കൂട്ടം ആക്രമിച്ചത്. ഇരുവരേയും പിന്നീട് പൊലീസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയെ തട്ടിക്കൊണ്ടു പോകല്‍, പശുക്കശാപ്പ് എന്നിവ ആരോപിച്ച് രാജ്യത്ത് പലയിടത്തും തല്ലിക്കൊല്ലല്‍ സംഭവങ്ങള്‍ നിരന്തരം അരങ്ങേറുന്നുണ്ട്.