ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്ത് പലയിടത്തും കശ്മീരികള്‍ക്ക് നേരെ ആക്രമണം. ജമ്മുവിലെ മുസ്ലിം പ്രദേശങ്ങളിലും ബിഹാര്‍, ഡൽഹി, ഹരിയാന, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലുമാണ് അക്രമങ്ങൾ റിപ്പോർട്ട് ചെയ്തത്. കശ്മീരില്‍ നിന്നുളള വിദ്യാര്‍ത്ഥികളുടേയും താമസക്കാരുടേയും സുരക്ഷ ഉറപ്പാക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകളോട് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഇത് സംബന്ധിച്ച സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്താനായി ശനിയാഴ്ച യോഗം വിളിച്ചു. റോ, ഐബി എന്നിവരുടെയൊക്കെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. സോഷ്യല്‍ മീഡിയയിലൂടെയുളള വര്‍ഗീയ പ്രചാരണങ്ങള്‍ തടയാനും അദ്ദേഹം നിര്‍ദേശം നല്കി.
ജമ്മുവിലെ ഗുജ്ജർ നഗറിൽ സംഘപരിവാർ പ്രവർത്തകർ കൂട്ടംചേർന്ന് മുസ്ലിം പ്രദേശങ്ങളിലെ വാഹനങ്ങൾ കത്തിച്ചതായി ആരോപണമുണ്ട്. 50 വാഹനങ്ങൾ അഗ്നിക്കിരയാക്കപ്പെട്ടെന്നാണ് പ്രാഥമിക കണക്ക്. സംസ്ഥാനത്ത് ജാനിപുർ, ഷാഹിദി ചൗക്, പുരാനി മാണ്ഡി, പെക്ക ദംഗ, റിഹാഡി, ന്യൂ പ്ലോട്ട്, ഗുമ്മത്ത് എന്നിവിടങ്ങളിലും ആക്രമണങ്ങളുണ്ടായി.
ഡെറാഡൂണിൽ വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ്ദൾ പ്രവർത്തകർ സംഘം ചേർന്നു കശ്മീരി വിദ്യാർഥികളെ മർദിച്ചു. വിദ്യാർഥികൾ താമസിച്ചിരുന്ന ഹോസ്റ്റലിൽ കടന്നുകയറിയ അക്രമികൾ, ലോക്കറുകളും അലമാരകളും അടിച്ചു തകർക്കുകയും വിദ്യാർഥികളുടെ വിലപിടിപ്പുള്ള വസ്തുക്കൾ കവരുകയും ചെയ്തു. ഹരിയാന, റായ്പൂര്‍, രാജസ്ഥാൻ, ബിഹാർ, കൊൽക്കത്ത എന്നിവിടങ്ങളിലും കശ്മീരികള്‍ക്ക് നേരെ അക്രമം നടന്നു.