വാഷിംഗ്ടണ്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ എന്ന ‘ഭ്രാന്തന്റെ’ ഭരണകൂടം ഇതുവരെ കാണാത്ത രീതിയില്‍ പരീക്ഷിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്രംപിന് ഭ്രാന്താണെന്നും മതിഭ്രമം ബാധിച്ച നിലയില്‍ നടത്തുന്ന ഭീഷണികള്‍ക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും കിം ജോംഗ് പറഞ്ഞതിന് പിന്നാലെയാണ് ട്രംപിന്റെ പരാമര്‍ശം.

ആത്മഹത്യാപരമായ നീക്കങ്ങളാണ് കിം നടത്തുന്നതെന്നും ഇത്തരം നടപടികളുമായി മുന്നോട്ട് പോയാല്‍ ഉത്തരകൊറിയയെ പൂര്‍ണ്ണമായും തകര്‍ക്കുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവും യു.എസിന് മുന്നിലില്ലെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിനുള്ള മറുപടിയുമായാണ് കിം എത്തിയിരിക്കുന്നത്.

തീ കൊണ്ട് കളിക്കുന്ന വഞ്ചകനായ ഗുണ്ടാത്തലവന്‍മാരെപ്പോലെയാണ് ട്രംപെന്നും യു.എസ് പോലെയുള്ള ഒരു രാജ്യത്തിന്റെ പരമാധികാരിയായി ഇരിക്കാനുള്ള ശേഷി അയാള്‍ക്കില്ലെന്നുമായിരുന്നു കിമ്മിന്റെ പ്രതികരണം. ഉത്തരകൊറിയയെ തകര്‍ക്കുമെന്ന ട്രംപിന്റെ ഭീഷണിയ്ക്ക് അവര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയില്‍ തന്നെ മറുപടി നല്‍കാനുള്ള ശേഷി തങ്ങള്‍ക്കുണ്ടെന്നും കിം വ്യക്തമാക്കി.

അമേരിക്കയുടെ വിലക്കിനെ മറികടന്ന് ആണവായുധ പരീക്ഷണങ്ങളടക്കം നടത്തുന്നതിനെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. ഒരു ലോകയുദ്ധത്തിന് വരെ സാഹചര്യമൊരുങ്ങുന്ന എന്ന ഭീഷണി ഉയര്‍ത്തുന്ന രീതിയില്‍ പോലും തര്‍ക്കങ്ങളും വാക്‌പോരും ട്രംപും കിം ജോംഗ് ഉന്നും തമ്മില്‍ നടന്നിരുന്നു. ആ സാഹചര്യത്തിലാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുന്ന രീതിയിലുള്ള പ്രസ്താവനകളുമായി ഇരുനേതാക്കളും വീണ്ടും എത്തിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ