ന്യൂഡൽഹി: ഇന്ത്യൻ രാഷ്‌ട്രീയത്തിലെ ഏറ്റവും ജനപ്രീതിയാർന്ന നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെന്ന് സർവേ റിപ്പോർട്ട്. അമേരിക്കൻ സർവേ ഏജൻസിയായ ‘പ്യൂ’വാണ് ഇതു സംബന്ധിച്ച് വിവരശേഖരണം നടത്തിയത്. രാജ്യത്തെ 2464 രാഷ്‌ട്രീയ പ്രവർത്തകരെ ആസ്‌പദമാക്കി നടത്തിയ സർവേയിലാണ് മോദി ഒന്നാം സ്ഥാനം നിലനിർത്തിയത്.

സർവേയിൽ പങ്കെടുത്ത 88 ശതമാനം ആളുകളും മോദിയാണ് പ്രമുഖ നേതാവെന്ന് പറയുന്നു. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് രണ്ടാം സ്ഥാനത്ത് 58 ശതമാനം. പട്ടികയിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മൂന്നാം സ്ഥാനത്തും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ നാലാം സ്ഥാനത്തുമാണ്. 57, 39 എന്നിങ്ങനെയാണ് ഇരുവർക്കും ലഭിച്ച ശതമാന കണക്ക്. 2017 ഫെബ്രുവരി 21 മുതൽ മാർച്ച് 10 വരെയായിരുന്നു സർവേ.

മോദി അധികാരത്തിലേറിയതോടെ രാജ്യത്തെ ജനങ്ങള്‍ സംതൃപ്‌തരായെന്നും സാമ്പത്തികമാ‍യി ഇന്ത്യ മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാ‍ണെന്നും സര്‍വേയില്‍ പങ്കെടുത്ത 19 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. 2015നു ശേഷവും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മോദിയുടെ ജനസമ്മതിയിൽ കുറവുവന്നിട്ടില്ലെന്നും സര്‍വേ വ്യക്തമാക്കുന്നു.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട്, തെലങ്കാന എന്നിവയും പടിഞ്ഞാറൻ സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ഗുജറാത്ത്, ഛത്തീസ്ഗഡ് എന്നിവയും മോദിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. 2015നു ശേഷവും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മോദിയുടെ ജനസമ്മതിയിൽ കുറവുവന്നിട്ടില്ല. ദക്ഷിണ, പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ ഇതു കൂടുകയും പൂർവ സംസ്ഥാനങ്ങളിൽ കുറയുകയുമാണെന്നും സർവേ വ്യക്തമാക്കുന്നു.

അതേസമയം, യുഎസിനോടുള്ള ഇന്ത്യക്കാരുടെ താൽപര്യത്തിൽ വൻ ഇടിവാണുണ്ടായിട്ടുള്ളത്. 2015ൽ 70 ശതമാനമായിരുന്നത് 2017 ആയപ്പോഴേക്കും 49 ശതമാനമായി കുറഞ്ഞു. ഡോണൾഡ് ട്രംപിന്റെ നടപടികൾ ശരിയാണെന്ന് 40 ശതമാനം പേർക്കു മാത്രമാണ് ഉറപ്പുള്ളത്. ബറാക് ഒബാമയിൽ ഉണ്ടായിരുന്ന വിശ്വാസത്തിന്റെ 34 ശതമാനം കുറവാണിത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ