തമിഴ്‌നാട്ടിലെ പുതുക്കോട്ടൈ ജില്ലയ്ക്കടുത്തുള്ള കൊട്ടയപ്പട്ടണത്ത് വെള്ളിയാഴ്ച മദ്യത്തിന് പകരം ശീതള പാനീയത്തിൽ ഷേവിംഗ് ലോഷൻ ചേർത്ത് കഴിച്ച രണ്ട് യുവാക്കൾ മരിച്ചു. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്ത് മദ്യവിൽപ്പന നിർത്തിവച്ചിരിക്കുന്നത്.

മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട അൻവർ രാജ (34), അരുൺ പാണ്ഡ്യൻ (29), ഹസൻ മൈതീൻ (31) എന്നിവർ നഗരത്തിൽ മദ്യം ലഭിക്കാത്തതിനെ തുടർന്ന് വിഷാദത്തിലായിരുന്നു എന്ന് കോട്ടയപ്പട്ടണം പോലീസ് പറഞ്ഞു. ഈ അവസ്ഥയെ മറികടക്കാൻ വ്യാഴാഴ്ച വൈകുന്നേരം മൂവരും മദ്യത്തിന് പകരമായി ശീതളപാനീയത്തിൽ ഷേവിംഗ് ലോഷൻ കഴിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ വരെ അബോധാവസ്ഥയിൽ കിടന്നിരുന്ന ഇവരെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാണ്ഡ്യനും മൈദീനും മരിച്ചു. രാജ ഇപ്പോൾ അരന്താംഗിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കോട്ടയപ്പട്ടണം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്.

മാർച്ച് 24 ന് സംസ്ഥാന സർക്കാരിൻറെ പ്രധാന വരുമാനമാർഗമായി കണക്കാക്കപ്പെടുന്ന ടാസ്മാക് അതിന്റെ എല്ലാ ഔട്ട്‌ലെറ്റുകളും അടച്ചിരുന്നു. ചില വിദൂര പട്ടണങ്ങളിൽ, ആളുകൾ മദ്യം കൊള്ളയടിച്ച സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തെത്തുടർന്ന്, മദ്യവിൽപ്പന ഔട്ട്‌ലെറ്റുകളിൽ നിന്ന് ജില്ലകളിലെ ടാസ്മാക് ഗോഡൗണിലേക്ക്‌ മാറ്റാൻ ജില്ലകളിലെ സൂപ്രണ്ടുമാർ ടാസ്മാക് മാനേജർമാരോട് നിർദ്ദേശിച്ചു.

കഴിഞ്ഞദിവസം ആലപ്പുഴ ജില്ലയിലും സമാനമായ സംഭവം നടന്നിരുന്നു. മദ്യം കിട്ടാത്തതിനാല്‍ പകരം ഷേവിങ് ലോഷന്‍ കഴിച്ച് യുവാവ് മരിച്ചു. കറ്റാനം ഇലിപ്പക്കുളം മങ്ങാരം തോപ്പില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന നൗഫല്‍(35)ആണ് മരിച്ചത്. ചൂനാട് കിണറുമുക്ക് ജങ്ഷനില്‍ ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരനായിരുന്നു. ബാറും വിദേശ മദ്യവില്‍പ്പനശാലയും പൂട്ടിയതിനാല്‍ ഇയാള്‍ സ്ഥിരമായി മദ്യത്തിന് പകരം ഷേവിങ് ലോഷന്‍ ഉപയോഗിച്ചതായി പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook