ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി തർക്കം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ചൈനീസ് റസ്റ്ററന്റുകളും ഭക്ഷണങ്ങളും നിരോധിക്കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ. ജനങ്ങൾ ചൈനീസ് ഭക്ഷണങ്ങൾ ഉപേക്ഷിച്ച് സ്വയം മുന്നോട്ട് വരണമെന്നും മന്ത്രി പറഞ്ഞു.

“ചൈന ചതിക്കുന്ന രാജ്യമാണ്. ചൈനയിൽ നിന്നുളള എല്ലാ ഉൽപ്പന്നങ്ങളും ഇന്ത്യ ബഹിഷ്‌കരിക്കണം. ചൈനീസ് ഭക്ഷണവും അത് വിൽക്കുന്ന ഹോട്ടലുകളും അടയ്ക്കണം,” കേന്ദ്രമന്ത്രി ട്വിറ്ററിൽ കുറിച്ചു.

കൊറോണ വൈറസ് പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ ചൈനയുമായി ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി മാർച്ചിൽ അത്താവാലെ, മുംബൈയിലെ ചൈനീസ് കോൺസൽ ജനറൽ, ടാങ് ഗുവോകായ്, ബുദ്ധ സന്യാസിമാർ എന്നിവർ ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ ഒത്തുകൂടിയിരുന്നു. “കൊറോണ ഗോ” എന്ന് മുദ്രാവാക്യം വിളിക്കുന്ന മന്ത്രിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Read More: ഗല്‍വാന്‍ സംഘര്‍ഷം: മേജർ ജനറൽമാർ ചർച്ച നടത്തി; കരസേനാ യൂണിറ്റുകൾക്ക് ജാഗ്രതാ നിർദേശം

ചൈനീസ് എൻജിനീയറിങ് മേജർക്ക് ഇന്ത്യൻ റെയിൽ‌വേയുമായുള്ള സുപ്രധാന കരാർ നഷ്ടപ്പെടുമെന്ന് ഇന്ത്യൻ റെയിൽ‌വേയിലെ ഉന്നത വൃത്തങ്ങൾ വ്യാഴാഴ്ച ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു. അപ്ഗ്രഡേഷന് ചൈനീസ് നിർമ്മിത ഉപകരണങ്ങൾ ഉപയോഗിക്കരുതെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡിനും (ബിഎസ്എൻഎൽ) ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് നിർദേശം നൽകി.

ലഡാക്കിലെ ഗൽവാൻ താഴ്‌വരയിൽ തിങ്കളാഴ്ച രാത്രി ഉണ്ടായ ഏറ്റുമുട്ടലിനെത്തുടർന്ന് ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷം വർധിച്ചിട്ടുണ്ട്. സംഘർഷത്തിൽ കേണൽ റാങ്ക് ഓഫീസർ ഉൾപ്പെടെ 20 ഇന്ത്യൻ സൈനികർ മരിച്ചിരുന്നു.

കഴിഞ്ഞ 45 വർഷത്തിനിടെ ഇതാദ്യമായാണ് നിയന്ത്രണ രേഖയിൽ ഇന്ത്യയുടെയോ ചൈനയുടെയോ സൈനികർ കൊല്ലപ്പെടുന്നത്. 1975 ൽ അരുണാചൽ പ്രദേശിൽ ഒരു ഇന്ത്യൻ പട്രോളിങ് സംഘത്തിനു നേർക്ക് നടന്ന ചൈനീസ് ആക്രമണത്തിൽ ആൾനാശമുണ്ടായിരുന്നു. 1967 ൽ സിക്കിമിലെ നാഥു ലയിൽ അക്രമാസക്തമായ ഏറ്റുമുട്ടലിൽ 88 ഇന്ത്യൻ സൈനികരും മുന്നൂറിലധികം ചൈനീസ് സൈനികരും കൊല്ലപ്പെട്ടിരുന്നു.

Read in English: Amid LAC dispute, Ramdas Athawale calls for boycott of Chinese food

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook