ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് കേസുകളുടെ വര്‍ദ്ധനവിന് കാരണമായേക്കാവുന്ന കോവിഡിന്റെ എക്‌സ്ബിബി 1.16 വകഭേദത്തിന്റെ 349 കേസുകള്‍ റിപോര്‍ട്ട് ചെയ്തതായി ഐഎന്‍എസ്എസിഒജി കണക്കുകള്‍. രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായാണ് പുതിയ വകഭേദത്തിന്റെ 349 സാമ്പിളുകള്‍ കണ്ടെത്തിയത്. കണക്കുകളില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. 105 കേസുകളാണ് സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. തെലങ്കാന 93, കര്‍ണാടക 61, ഗുജറാത്ത് 54 എന്നിങ്ങനെ കേസുകള്‍ റിപോര്‍ട്ട് ചെയ്തതായും പിടിഐ റിപോര്‍ട്ട് ചെയ്തു.
ജനുവരിയിലാണ് ഈ വകഭേദം ആദ്യമായി കണ്ടെത്തിയത്. എക്‌സ്ബിബി 1.16 വകഭേദത്തിന്റെ രണ്ട് കേസുകളാണ് കണ്ടെത്തിയത്. ഫെബ്രുവരിയില്‍, എക്‌സ്ബിബി 1.16 വേരിയന്റിന്റെ 140 സാമ്പിളുകള്‍ കണ്ടെത്തിയിരുന്നു. ഐഎന്‍എസ്എസിഒജി ഡാറ്റ പ്രകാരം മാര്‍ച്ചില്‍ ഇതുവരെ 207 കേസുകളും കണ്ടെത്തിയിട്ടുണ്ട്.
രാജ്യത്ത് കോവിഡ് കേസുകളുടെ വര്‍ദ്ധനവ് സമീകാലത്തായി ഉയരുകയാണ്. വ്യാഴാഴ്ച, ഇന്ത്യയില്‍ 1,300 പുതിയ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു. 140 ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. ഇതോടെ സജീവ കേസുകള്‍ 7,605 ആയി ഉയര്‍ന്നു. മൂന്ന് മരണങ്ങളോടെ മരണസംഖ്യ 5,30,816 ആയി ഉയര്‍ന്നു. കര്‍ണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഓരോ മരണവും റിപ്പോര്‍ട്ട് ചെയ്തതായി രാവിലെ 8 മണിക്ക് അപ്‌ഡേറ്റ് ചെയ്ത ഡാറ്റ പറയുന്നു.
പുതിയതായി റിപോര്‍ട്ട് ചെയ്യുന്ന എക്‌സ്ബിബി1.16 വകഭേദമാണ് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നതെന്ന് മുന്‍ എയിംസ് ഡയറക്ടര്‍ ഡോ.രണ്‍ദീപ് ഗുലേറിയ പറഞ്ഞു. എന്നിരുന്നാലും, അത് ഗുരുതരമായ രോഗത്തിനും മരണത്തിനും കാരണമാകാത്തിടത്തോളം കാലം പരിഭ്രാന്തരാകേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. വൈറസ് കാലക്രമേണ മാറ്റം വന്നുകൊണ്ടിരിക്കുന്നതിനാല്‍ പുതിയ വകഭേദങ്ങള്‍ വന്നുകൊണ്ടേയിരിക്കും, കൂടാതെ എക്‌സ്ബിബി1.16 എന്നത് വൈറസിന്റെ പുനഃസംയോജന വംശപരമ്പരയാണ്, ഇത് കോവിഡ്-19 ന്റെ എക്‌സ്ബിബി വംശത്തിന്റെ പിന്‍ഗാമിയാണ്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രാജ്യത്ത് ഇന്‍ഫ്‌ലുവന്‍സ, കൊറോണ വൈറസ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതയും മുന്‍കരുതലും നിലനിര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ആഹ്വാനം ചെയ്തിരുന്നു. ജീനോം സീക്വന്‍സിങ് മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും കോവിഡ്-അനുയോജ്യമായ പെരുമാറ്റം പാലിക്കേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി പറഞ്ഞു.