ന്യൂഡല്‍ഹി: സംസ്ഥാനത്തെ ജനങ്ങള്‍ കൊറോണ വൈറസിനെതിരെ പോരാട്ടം തുടരുമ്പോള്‍ രാഷ്ട്രീയ നാടകങ്ങള്‍ അരങ്ങേറി ഗുജറാത്ത്. രാജ്യസഭാ തിരഞ്ഞെടുപ്പിന് മുമ്പായി കോണ്‍ഗ്രസിന് തിരിച്ചടി നല്‍കി കൊണ്ട് ഒരു എംഎല്‍എ കൂടെ സ്ഥാനം രാജിവച്ചു. ബ്രിജേഷ് മെര്‍ജയാണ് രാജിവച്ചത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രാജിവയ്ക്കുന്ന മൂന്നാമത്തെ കോണ്‍ഗ്രസ് എംഎല്‍എയാണ് ബ്രിജേഷ്.
ജൂണ്‍ മൂന്നിന് കോണ്‍ഗ്രസ് എംഎല്‍എമാരായ അക്ഷയ് പട്ടേലും ജിതു ചൗധരിയും സ്പീക്കര്‍ രാജേന്ദ്ര ത്രിവേദിക്ക് രാജിക്കത്ത് കൈമാറിയിരുന്നു. എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നതിന് മുമ്പ് കോണ്‍ഗ്രസിലെ പ്രാഥമികാംഗത്വവും രാജിവച്ചിട്ടുണ്ട്.
Read Also: വിദ്വേഷ പ്രചാരണം: മനേകയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു
ജനങ്ങളെ സേവിക്കുന്നതിനാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും എന്നാല്‍ പാര്‍ട്ടിയില്‍ നിന്നു കൊണ്ട് അത് ചെയ്യാന്‍ കഴിയുന്നില്ലെന്നും പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച രാജിക്കത്തില്‍ ബ്രിജേഷ് പറയുന്നു.
മാര്‍ച്ചില്‍ രാജ്യസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചിരുന്നു. ഓരോ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവയ്ക്കുമ്പോഴും രണ്ടാമതൊരു എംപിയെ കൂടെ രാജ്യസഭയിലേക്ക് അയക്കാനുള്ള പാര്‍ട്ടിയുടെ സാധ്യത കുറയുകയാണ്. ജൂണ്‍ 19-നാണ് നാല് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനത്ത് നാല് സീറ്റുകളില്‍ രണ്ടെണ്ണം വിജയിക്കാനുള്ള കോണ്‍ഗ്രസിന്റെ സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയാണ് നേരിടുന്നത്. മാര്‍ച്ച് 24-ന് ലോക്ക്ഡൗണിന് തൊട്ടുമുമ്പ് മുതിര്‍ന്ന നേതാവായ ജോതിരാദിത്യ സിന്ധ്യ രാജിവച്ചതിനെ തുടര്‍ന്ന് മധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭ വീണിരുന്നു.
Read Also: കോവിഡ്: കോഴിക്കോട് മെഡിക്കൽ കോളേജിലെ എൺപതോളം ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിൽ
മുതിര്‍ന്ന നേതാക്കളായ ശക്തിസിങ് ഗോഹിലും ഭരത്‌സിങ് സോളങ്കിയേയുമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്. രണ്ട് സീറ്റുകള്‍ വിജയിക്കാന്‍ 70 എംഎല്‍എമാരുടെ വോട്ടുകള്‍ വേണം. എന്നാല്‍ ഇപ്പോല്‍ 65 പേരാണുള്ളത്. 103 അംഗങ്ങളുള്ള ബിജെപിക്കാകട്ടെ രണ്ട് പേരെ വിജയിപ്പിക്കാന്‍ കഴിയും. രാമിലബെന്‍ ബാരയും അഭയ് ഭരദ്വാജുമാണ് സ്ഥാനാര്‍ത്ഥികള്‍.
കോണ്‍ഗ്രസ് എംഎല്‍എമാരുടെ രാജിക്കു പിന്നില്‍ ബിജെപിയാണെന്ന ആരോപണമുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ്-19 രോഗികളുള്ള സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. 18,584 പേര്‍ക്കാണ് രോഗം ബാധിച്ചത്. 1,155 പേര്‍ മരിച്ചു. 12,667 പേര്‍ക്ക് രോഗം ഭേദമായി.
Read in English: Another Gujarat Congress MLA resigns ahead of Rajya Sabha polls