ന്യൂഡൽഹി: സിക്കിമിലെ ഇന്ത്യൻ അതിർത്തിയിയില്‍ ഇന്ത്യ- ചൈന തര്‍ക്കം മൂര്‍ച്ഛിച്ച സാഹചര്യത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് യുദ്ധക്കപ്പല്‍ എത്തി. യുവാന്‍ ക്ലാസ് ഡീസല്‍ ഇലക്ട്രിക് മുങ്ങിക്കപ്പലാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ എത്തിയത്. ചൈനീസ് നാവികസേനയുടെ ചോങ്മിഗ്ദോയുടെ കീഴിലുളള ഏഴാമത്തെ മുങ്ങിക്കപ്പലാണ് പ്രദേശത്ത് എത്തുന്നത്.

മൂന്ന് വര്‍ഷം മുമ്പ് കടല്‍ക്കൊളളയ്ക്ക് എതിരെയുളള നടപടിയെന്നോണം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലുകളും എത്തിയിരുന്നു. പ്രദേശത്ത് പതിനാലോളം ചൈനീസ് യുദ്ധക്കപ്പലുകള്‍ ഉളളതായി ഇന്ത്യയുടെ കൃത്രിമോപഗ്രഹമായ രുക്മിണി (ജിസാറ്റ്-7), ദീര്‍ഘദൂര നീരീക്ഷണ വാഹനമായ പൊസീഡന്‍-81 തുടങ്ങിയവയുടെ സഹായത്തോടെയാണ് കപ്പലുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.

ഇന്ത്യ- ചൈന തര്‍ക്കത്തെ തുടര്‍ന്ന് ഒരു മാസത്തോളമായി സ്ഥലത്ത് പ്രതിസന്ധി നിലനില്‍ക്കുകയാണ്. തുടര്‍ന്ന് ചൈനീസ് അതിര്‍ത്തിയില്‍ കൂടുതല്‍ സൈന്യത്തേയും നിയോഗിച്ചിട്ടുണ്ട്.1962ലെ യുദ്ധത്തിന് ശേഷം ചൈനീസ് അതിര്‍ത്തിയില്‍ ഇത് ആദ്യമായാണ് ഇന്ത്യ ഇത്രയും സുരക്ഷയൊരുക്കുന്നത്.

ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഇന്ത്യയുടെ രണ്ട് ബങ്കറുകള്‍ ആക്രമിച്ച് തകര്‍ത്തതിന് പിന്നാലെയാണ് ഇന്ത്യ കൂടുതല്‍ സൈന്യത്തെ സ്ഥലത്ത് വിന്യസിച്ചത്. 2012ല്‍ ധോക്കാ ലെയിലെ ലാല്‍തെനില്‍ ഇന്ത്യ സ്ഥാപിച്ച രണ്ട് ബങ്കറുകള്‍ നീക്കം ചെയ്യണമെന്ന് ചൈനീസ് സൈന്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യ ഇതിന് തയ്യാറായിരുന്നില്ല.

പ്രദേശത്ത് വര്‍ഷങ്ങളായി ഇന്ത്യന്‍ സൈന്യം പട്രോളിംഗ് നടത്തുന്നുണ്ട്. രണ്ട് ബുള്‍ഡോസറുകള്‍ ഉപയോഗിച്ചാണ് ബങ്കറുകള്‍ തകര്‍ത്തിരിക്കുന്നത്. ഇന്ത്യയ്ക്കോ ഭൂട്ടാനോ പ്രദേശത്തിന്റെ മേല്‍ അധികാരമില്ലെന്നും ചൈനയുടേതാണ് സ്ഥലമെന്നും അവകാശപ്പെട്ടായിരുന്നു നടപടി.

ഇതിനെ തുടര്‍ന്നാണ് പ്രദേശത്ത് കൂടുതല്‍ സൈന്യത്തെ വിന്യസിച്ചത്. മേഖലയിലേക്കുള്ള ചൈനീസ് കടന്നുകയറ്റം തടയുമെന്ന് നിലപാടെടുത്ത ഇന്ത്യയോട് 1962ലെ യുദ്ധത്തിൽ നിന്നും പാഠം പഠിക്കണമെന്ന് ചൈന അറിയിച്ചിരുന്നു. എന്നാല്‍ ഇതിന് തക്ക മറുപടിയുമായി ഇന്ത്യയും രംഗത്തെത്തി. അന്നത്തെ ഇന്ത്യയല്ല ഇപ്പോഴെന്നും ചൈന ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും പ്രതിരേധ മന്ത്രി അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook