ഗുവാഹതി: പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരായ പ്രതിഷേധം ശക്തമായ തുടരുന്ന സാഹചര്യത്തിൽ അസം യാത്ര ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി ജനുവരി പത്തിന് ഗുവാഹത്തിയിലെത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഇതിൽ മാറ്റം വരുത്തിയെന്നാണ് അനൗദ്യോഗിക വിവരം.
“ഞങ്ങൾ പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നു. എന്നാൽ ഇതുവരെ യാതൊരു ഉറപ്പും ലഭിച്ചട്ടില്ല. എന്നാൽ അദ്ദേഹം വരില്ലെന്നാണ് അനൗദ്യോഗികമായി അറിയാൻ സാധിച്ചത്,” ഖെലോ ഇന്ത്യ ഗെയിംസ് സിഇഒ അവിനാഷ് ജോഷി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
അസമിലെ നിലവിലെ സാഹചര്യം പ്രധാനമന്ത്രിയുടെ സന്ദർനത്തിന് അനുകൂലമാല്ലെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഇത് പരിഗണിച്ചാണ് യാത്ര ഒഴിവാക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ തീരുമാനം. മോദി അസമിൽ എത്തിയാൽ ശക്തമായി പ്രതിഷേധിക്കുമെന്ന് ഓൾ അസം സ്റ്റുഡന്റ്സ് യൂണിയൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഗുവാഹതിയിൽ 2019 ഡിസംബർ 15 നും 17 നും ഇടയിൽ നടക്കാനിരുന്ന ഇന്ത്യ – ജപ്പാൻ വാർഷിക ഉച്ചകോടി പ്രതിഷേധത്തെത്തുടർന്ന് റദ്ദാക്കിയിരുന്നു. ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടുവർഷമായി അസമിൽ പ്രതിഷേധം ശക്തമാണ്. കഴിഞ്ഞ ഡിസംബറിൽ ശീതകാല സമ്മേളനത്തിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനം പൗരത്വ ഭേദഗതി ബിൽ പാസാക്കിയതിനുശേഷം ഇത് രൂക്ഷമായി.