പോർട്ട്ബ്ലെയർ: അമേരിക്കയില്‍ നിന്നു വന്ന ടൂറിസ്റ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ആന്‍ഡമാന്‍ ദ്വീപില്‍നിന്ന് ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജോണ്‍ അലന്‍ ഷൗ എന്ന 27കാരനാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ജോണ്‍ കൊല്ലപ്പെട്ടത്. ഇതേ തുടര്‍ന്ന് ദ്വീപിലേക്കുള്ള സന്ദര്‍ശകരുടെ വരവ് സര്‍ക്കാര്‍ താത്കാലികമായി നിരോധിച്ചിരിക്കുകയാണ്.

കൊലപാതകത്തിനു പിന്നില്‍ ആന്‍ഡമാനിലെ സെന്റിന്‍ലീസ് എന്ന ഗോത്രവർഗ്ഗക്കാരാണെന്ന് ആന്‍ഡമാന്‍ ഷീഖ എന്ന പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. വംശനാശ ഭീഷണി നേരിടുന്ന ഗോത്രമാണ് സെന്റിന്‍ലീസ്. 2011ലെ സെന്‍സസ് പ്രകാരം 40 ആണ് ഇവരുടെ ജനസംഖ്യ. പുറംലോകവുമായി യാതൊരു ബന്ധവും പുലര്‍ത്താതെയാണ് ഇവര്‍ ജീവിക്കുന്നത്.

ജോണിന്റെ കൊലപാതകത്തെക്കുറിച്ച് തങ്ങള്‍ അറിഞ്ഞിരുന്നുവെന്നും, സാധാരണ ഗതിയില്‍ ഒരു അമേരിക്കന്‍ പൗരനെ കാണാതാകുമ്പോള്‍ പ്രദേശത്തെ അധികാരപ്പെട്ട ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാറുണ്ടെന്നും ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, കൊല്ലപ്പെട്ട ആളുടെ സ്വകാര്യത സംബന്ധിച്ച വിഷയങ്ങള്‍ കണക്കിലെടുത്ത് അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കോണ്‍സുലേറ്റ് തയ്യാറായില്ല.

മുമ്പും ദ്വീപുകളില്‍ സന്ദര്‍ശനം നടത്തിയിട്ടുള്ള ജോണിന് സെന്റിന്‍ലീസ് ഗോത്രത്തെ കാണണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നുവെന്ന് അടുത്ത പൊലീസ് വൃത്തങ്ങള്‍ പറഞ്ഞതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനായി അദ്ദേഹം ഒരു ചെറുതോണി സംഘടിപ്പിച്ചിരുന്നു. ഏതാനും മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം നവംബര്‍ 16ന് ഈ ദ്വീപിന്റെ സമീപത്ത് എത്തിയിരുന്നു.

അടുത്ത ദിവസം തിരിച്ചു പോകുമ്പോഴാണ് മത്സ്യത്തൊഴിലാളികള്‍ ജോണിന്റെ മൃതദേഹം കണ്ടെത്തിയത്. അദ്ദേഹത്തെ അവിടെ കൊണ്ടുപോയ മത്സ്യത്തൊഴിലാളികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook