ലണ്ടന്‍ : ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ സമ്മാനം
ഗില്‍ഡ്ഹാളില്‍ അമേരിക്കന്‍ എഴുത്തുകാരന്‍ ജോര്‍ജ്ജ് സൗൻഡേഴ്‌സിന്‍റെ “ലിങ്കണ്‍ ഇന്‍ ദി ബാര്‍ഡോയ്ക്ക്.  വ്യത്യസ്ഥവും അതി ഗംഭീരവും എന്നാണ് ജൂറി പുസ്തകത്തെ വിലയിരുത്തിയത്.

അൻപതിനായിരം ബ്രിട്ടീഷ് പൗണ്ട്  (ഏകദേശം നാൽപ്പത്തിമൂന്ന് ലക്ഷം ഇന്ത്യൻ രൂപ) ആണ് സമ്മാനത്തുക . ചുരുക്കപ്പട്ടികയിലെയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റ് അഞ്ച് പുസ്തകങ്ങൾക്കും 2,500 ബ്രിട്ടീഷ് പൗണ്ട്  (ഏകദേശം രണ്ട് ലക്ഷം ഇന്ത്യൻ രൂപ) ലഭിക്കും.

പോള്‍ ഓസ്റ്ററിന്‍റെ “4321”, എമിലി ഫ്രിദലൻഡിന്‍റെ  “ഹിസ്റ്ററി ഓഫ് വൂള്‍വ്സ്”, മൊഹ്സിന്‍ ഹാമിദിന്‍റെ “എക്സിറ്റ് വെസ്റ്റ്”, ഫിയോണ മോസ്‌ലിയുടെ “എല്‍മെറ്റ്”, ജോര്‍ജ് സൗൻഡേഴ്‌സിന്‍റെ “ലിങ്കണ്‍ ഇന്‍ ദി ബാര്‍ഡോ”, അലി സ്മിത്തിന്‍റെ “ഓട്ടം” (ശരത്കാലം) എന്നിവയാണ് മാന്‍ ബുക്കറിനായുള്ള അവസാന പട്ടികയില്‍ ഇടംനേടിയിരുന്ന ആറു നോവലുകള്‍.

അവസാന പട്ടികയില്‍ ഇടംനേടിയ മൂന്നു പേര്‍ സ്ത്രീകളും മൂന്നുപേര്‍ പുരുഷന്മാരുമായിരുന്നു. ഒരുപാട് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതാണ് ഈ ആറു നോവലും എന്നു ബുക്കര്‍ ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടു. മൂന്നു അമേരിക്കന്‍ എഴുത്തുകാര്‍ ഇടം നേടിയ പട്ടികയില്‍ രണ്ടുപേര്‍ ബ്രിട്ടീഷുകാരും ഒരാള്‍ ബ്രിട്ടീഷ് പൗരനായ പാക്കിസ്ഥാനിയുമാണ്‌.

ജൂലൈയില്‍ പ്രസിദ്ധീകരിച്ച ബുക്കര്‍ സമ്മാനത്തിനായുള്ള പതിമൂന്നു കൃതികളുടെ പട്ടികയില്‍ ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരിയായ അരുന്ധതി റോയിയുടെ രണ്ടാം നോവല്‍ ‘ദി മിനിസ്റ്ററി ഓഫ് അറ്റ്‌മോസ്റ്റ്‌ ഹാപ്പിനസ്’ ഇടംപിടിച്ചിരുന്നു. എന്നാൽ അവസാന പട്ടികയില്‍ അരുന്ധതി റോയിയുടെ പുതിയ നോവൽ ഇടം നേടിയില്ല.അരുന്ധതി റോയിയുടെ ആദ്യ നോവലായ ഗോഡ് ഓഫ് സ്മോൾതിങ്‌സ് ബുക്കർ സമ്മാനം നേടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ