scorecardresearch
Latest News

മോദി അടുത്ത സുഹൃത്ത്, ഇന്ത്യൻ ജനത്തോടൊപ്പം ചേരാൻ കാത്തിരിക്കുന്നു; ട്രംപ് ഇന്ത്യയിലേക്ക്

ഇന്ത്യയിലേക്കുള്ളതു വലിയ യാത്രയായാണു കണക്കാക്കുന്നതെന്നും ട്രംപ്

മോദി അടുത്ത സുഹൃത്ത്, ഇന്ത്യൻ ജനത്തോടൊപ്പം ചേരാൻ കാത്തിരിക്കുന്നു; ട്രംപ് ഇന്ത്യയിലേക്ക്

വാഷിങ്ടൺ: രണ്ട് ദിവസത്തെ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും ഇന്ത്യയിലേക്ക് തിരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത സുഹൃത്താണെന്നും ഇന്ത്യയിലെ ജനങ്ങളോടൊപ്പം നിൽക്കുന്നതിൽ സന്തോഷമുണ്ടെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയിലേക്ക് യാത്രതിരിക്കുന്നതിന് വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യാ സന്ദർശനം ഏറെക്കാലം മുൻപേ ഏറ്റ പരിപാടിയാണ്. ഇന്ത്യയിലെ ജനങ്ങളോടൊത്തു ചേരാന്‍ കാത്തിരിക്കുകയാണെന്നും ഇന്ത്യയിലേക്കുള്ളതു വലിയ യാത്രയായാണു കണക്കാക്കുന്നതെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയിൽ വലിയ പരിപാടിയാണു നടക്കാൻ പോകുന്നതെന്നാണു ഞാൻ കേട്ടത്. ഇന്ത്യയിൽ നടത്തിയിട്ടുള്ളതിൽ ഏറ്റവും വലിയ പരിപാടി. അങ്ങനെയാണു പ്രധാനമന്ത്രി മോദി തന്നോടു പറഞ്ഞതെന്നും ട്രംപ് കൂട്ടിച്ചേർത്തു.

നാളെ രാവിലെ 11.40 ഓടെ ട്രംപ് ഇന്ത്യയിലെത്തും. ഭാര്യ മെലാനിയയെ കൂടാതെ മകള്‍ ഇവാന്‍ക ട്രംപും ഇവാന്‍കയുടെ ഭര്‍ത്താവ് ജെറാദ് കുഷ്‌നറും ട്രംപിനൊപ്പം ഇന്ത്യയിലെത്തുന്നുണ്ട്. വിമാനത്താവളത്തിൽ നിന്ന് സബർമതി ആശ്രമത്തിലെത്തുന്ന ട്രംപ് ഗാന്ധി സ്മൃതിയിൽ പുഷ്പാർച്ചന നടത്തും.

നമസ്തേ ട്രംപ് പരിപാടിയാണ് അമേരിക്കൻ പ്രസിഡന്റിന്റെ ഇന്ത്യൻ സന്ദർശനത്തിലെ ഏറ്റവും പ്രധാനപ്പെട്ടത്. 22 കിലോമീറ്റർ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്തായിരിക്കും ട്രംപ് മൊട്ടേര സ്റ്റേഡിയത്തിലെത്തുക. വിപുലമായ ഒരുക്കങ്ങളാണ് മൊട്ടേര സ്റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്നത്.രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാപ്രകടനങ്ങൾ റോഡ് ഷോയുടെ ഭാഗമാണ്. ഉച്ചയ്ക്ക് ഒന്നിന് നമസ്തേ ട്രംപ് പരിപാടിയെ അമേരിക്കൻ പ്രഡിസന്റ് അഭിസംബോധന ചെയ്യും.

ചൊവ്വാഴ്ച രാവിലെ ട്രംപിന് രാഷ്ട്രപതി ഭവനിൽ സ്വീകരണം ഒരുക്കിയിട്ടുണ്ട്. താജ്മഹലും അമേരിക്കൻ പ്രസിഡന്റും സംഘവും സന്ദർശിക്കുന്നുണ്ട്. ട്രംപിന്റെ ഇന്ത്യൻ സന്ദർശനത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് രാജ്യത്ത് ഒരുക്കിയിരിക്കുന്നത്. പതിനേഴായിരം ഗുജറാത്ത് പൊലീസ് ഉദ്യോഗസ്ഥർ, ഇന്ത്യൻ പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കുന്ന എസ്പിജി, അമേരിക്കൻ പ്രസിഡന്റിന്റെ സുരക്ഷാവിഭാഗമായ സീക്രട്ട് സർവീസ് തുടങ്ങി കനത്ത സുരക്ഷാ വലയത്തിലാണ് അഹമ്മദാബാദ് നഗരം.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: American president donald trump to india