ന്യൂയോർക്ക്: ഇന്നുവരെ കേട്ടുകേള്‍വിയില്ലാത്ത ഒരു അവാര്‍ഡ് പ്രഖ്യാപനത്തിലൂടെ ലോകത്തെ ഞെട്ടിക്കാനൊരുങ്ങുകയാണ് വൈറ്റ്ഹൗസ്. വരുന്ന തിങ്കളാഴ്ചയാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപനം നടത്തുക. പുതിയ പ്രഖ്യാപനത്തിലൂടെ മാധ്യമങ്ങള്‍ക്ക് ഒരു പണികൊടുക്കുക എന്നതാണ് ട്രംപിന്റെ ഉദ്ദേശം. അതുകൊണ്ടു തന്നെ മാധ്യമലോകം ഏറെ കൗതുകത്തോടെയാണ് ഈ പ്രഖ്യാപനത്തിന് കാത്തിരിക്കുന്നത്. ‘ഫേക്ക് ന്യൂസ് ട്രോഫി’ എന്നപേരിലാണ് അവാര്‍ഡ് നല്‍കുന്നത്.

ഏറ്റവും സത്യസന്ധതയില്ലാത്തവരും അഴിമതിക്കാരുമായ മാധ്യമങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ വരുന്ന തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് പ്രഖ്യാപിക്കും എന്നാണ് ട്വിറ്ററിലൂടെ ട്രംപ് അറിയിച്ചിരിക്കുന്നത്. ഒട്ടും സത്യസന്ധതയില്ലാത്ത റിപ്പോര്‍ട്ടിങ്, മോശം റിപ്പോര്‍ട്ടിങ്, വ്യാജ വാര്‍ത്ത എന്നീ മേഖലകളിലായാണ് അവാര്‍ഡുകള്‍ നല്‍കുകയെന്നും അദ്ദേഹം പറയുന്നു. ട്വിറ്ററിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.

തിരഞ്ഞെടുപ്പ് കാലം മുതല്‍ തന്നെ സിഎന്‍എന്‍, എബിസി ന്യൂസ്, ന്യൂയോർക്ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ്, ടൈം മാഗസിന്‍ തുടങ്ങി വിവിധ മാധ്യമങ്ങള്‍ ട്രംപിനു കൊടുത്ത പണിയെല്ലാം ഈ അവാര്‍ഡ് പ്രഖ്യാപനത്തിലൂടെ മടക്കിക്കൊടുക്കുമെന്നാണ് ലോകം പ്രതീക്ഷിക്കുന്നത്. ഈ മാധ്യമങ്ങളെ പല അവസരങ്ങളിലും ട്രംപ് വ്യാജ മാധ്യമങ്ങള്‍ എന്നു വിശേഷിപ്പിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ