ന്യൂഡല്‍ഹി: ആൻഡമാനിൽ ആദിമ നിവാസികളുടെ അമ്പേറ്റ് കൊല്ലപ്പെട്ട ജോൺ അല്ലൻ ചൗ എന്ന ഇരുപത്തേഴുകാരന്റെ മൃതദേഹം ഇതുവരെയും വീണ്ടെടുക്കാനായില്ല. ഗോത്രവര്‍ഗക്കാര്‍ കൊലപ്പെടുത്തിയ അലന്റെ മൃതദേഹം ഇപ്പോള്‍ ദ്വീപില്‍ തന്നെയാണ് ഉളളത്. അതേസമയം മൃതദേഹം തിരികെ ലഭിക്കാനായി നരവംശശാസ്ത്രജ്ഞനായ ടി.എന്‍ പണ്ഡിറ്റ് ചില മാര്‍ഗങ്ങള്‍ മുന്നോട്ട് വച്ചു. നാളികേരം, ഇരുമ്പ് കഷണങ്ങള്‍ എന്നിവ സെന്റിനെലസ് ഗോത്രവര്‍ഗക്കാര്‍ക്ക് സമ്മാനമായി നല്‍കി അവരെ സമീപിക്കാനാണ് അദ്ദേഹം നിര്‍ദ്ദേശിച്ചത്. ഒപ്പം കൂടുതല്‍ ജാഗരൂകരാകണമെന്നും അദ്ദേഹം പറയുന്നു.
ഇപ്പോള്‍ 83 വയസ് പ്രായമുളള പണ്ഡിറ്റ് 1966ലും 1991ലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ പ്രവേശിച്ച് ഗോത്രവര്‍ഗക്കാരുമായി ഇടപെട്ടിട്ടുണ്ട്. ഇന്ത്യയുടെ നരവംശശാസ്ത്ര സര്‍വേയുടെ ഭാഗമായിട്ടായിരുന്നു അദ്ദേഹം സാഹസം കാണിച്ചത്. ‘ഉച്ചയ്ക്കോ വൈകുന്നേരമോ ചെറിയൊരു സംഘം തീരത്തേക്ക് പോവുക. അപ്പോള്‍ കൂടുതല്‍ ഗോത്രവര്‍ഗക്കാര്‍ തീരത്ത് ഉണ്ടാവില്ല. ആ സമയം അവര്‍ക്ക് തേങ്ങയും ഇരുമ്പും സമ്മാനമായി നല്‍കണം. അമ്പെയ്ത്ത് എത്താത്ത ദൂരത്ത് ബോട്ട് നിര്‍ത്തണം. അപ്പോള്‍ അവര്‍ മൃതദേഹം എടുക്കാന്‍ നമ്മളെ അനുവദിക്കും. പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ സഹായവും തേടുന്നത് നന്നായിരിക്കും,’ പണ്ഡിറ്റ് പറഞ്ഞു. 2015 വരെ കേന്ദ്ര ആദിവാസി വികസന മന്ത്രാലയത്തില്‍ ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.
‘ഈ ആദിവാസിവിഭാഗത്തെ മിക്കവരും ശത്രുക്കളായാണ് കാണുന്നത്. അത് തെറ്റായ രീതിയാണ്. നമ്മളാണ് കൈയേറ്റക്കാര്‍. അവരുടെ പ്രദേശത്ത് അതിക്രമിച്ച് കടക്കാന്‍ ശ്രമിക്കുന്നവരാണ് നമ്മള്‍. സംഭവിച്ചത് വളരെ ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍ അവര്‍ അവരുടെ രക്ഷ നോക്കുകയാണ് ചെയ്യുന്നത്. ആദ്യം ഒരു തവണ അവര്‍ അമ്പെയ്തപ്പോള്‍ അദ്ദേഹം ശ്രദ്ധിക്കണമായിരുന്നു,’ പണ്ഡിറ്റ് പറഞ്ഞു.
ജോണ്‍ ചൗ കൊല്ലപ്പെടുന്നതിന് മുമ്പ് എഴുതിയ കത്ത് കഴിഞ്ഞ ദിവസം പുറത്തു വന്നിട്ടുണ്ട്. താൻ കൊല്ലപ്പെടുകയാണെങ്കിൽ തന്നോടോ ദൈവത്തിനോടോ ദേഷ്യപ്പെടരുതെന്നാണ് ജോണ്‍ ചൗ കത്തിൽ കുറിച്ചിരിക്കുന്നത്.

തനിക്ക് ഭ്രാന്താണെന്ന് എല്ലാവരും ചിന്തിച്ചേക്കാം. എന്നാൽ ജീസസിനെ കുറിച്ച് ഇവിടുള്ള ആദിമ നിവാസികളോട് പറയേണ്ടത് തന്റെ പ്രധാന കടമയാണെന്നാണ് താൻ വിശ്വസിക്കുന്നത്. അതിനാൽ താൻ കൊല്ലപ്പെടുകയാണെങ്കിൽ എന്നോടോ ദൈവത്തിനോടോ ദേഷ്യപ്പെടരുതെന്നാണ് ജോണ്‍ ചൗ കത്തിൽ എഴുതിയിരിക്കുന്നത്.
മത്സ്യത്തൊഴിലാളികൾക്ക് പണം നൽകി അവരുടെ സഹായത്തോടെയാണ് ചൗ തന്റെ ചെറു തോണിയുമായി ദ്വീപിലെത്തിയത്. തോണി തുഴഞ്ഞ് ദ്വീപിലെത്തിയതോടെ ചൗവിന് നേരെ ദ്വീപിലെ ഗോത്ര വർഗക്കാർ അമ്പെയ്തെങ്കിലും ദേഹത്ത് കൊള്ളാതെ രക്ഷപ്പെടുകയായിരുന്നു. അൽപമകലെയായി മത്സ്യ തൊഴിലാളികളുടെ ബോട്ടിലേക്ക് സുരക്ഷിതനായി തിരികെ എത്തിയ ഇയാൾ ഇവിടെ വെച്ചാണ് രക്ഷിതാക്കൾക്ക് കത്തെഴുതിയത്. കത്ത് മത്സ്യത്തൊഴിലാളികളെ ഏൽപിച്ച് അന്നു രാത്രി ബോട്ടിൽ കഴിച്ചു കൂട്ടുകയായിരുന്നു ചൗ. തൊട്ടടുത്ത ദിവസം വീണ്ടും ദ്വീപിലേക്കു തിരിച്ചെങ്കിലും കടൽതീരത്തു കൂടി ദ്വീപിലെ ആദിവാസികൾ യുവാവിന്റെ മൃതദേഹം വലിച്ചിഴച്ചു കൊണ്ടു പോകുന്നതാണ് പിന്നീട് തങ്ങൾ കണ്ടതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
അതേസമയം, ജോൺ അല്ലൻ ചൗവിന്റെ മരണത്തിനു കാരണക്കാരായവരോട് തങ്ങൾ ക്ഷമിച്ചതായി ചൗവിന്റെ കുടുംബം അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചു. മരണത്തെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത ഏഴു മത്സ്യത്തൊഴിലാളികളെ വിട്ടയക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
സാഹസികനും കൃസ്ത്യൻ മിഷനറി പ്രവർത്തകനുമായിരുന്നു ജോൺ അല്ലൻ ചൗ. ഇന്ത്യയുടെ ഭാഗമായ ബംഗാൾ ഉൾക്കടലിലുള്ള ആൻഡമാൻ ദ്വീപിലെ ആദിമ ജനവിഭാഗങ്ങൾക്കിടയിലേക്ക് മതപ്രബോധന ആവശ്യാർത്ഥം ഇറങ്ങി തിരിച്ചതായിരുന്നു ജോൺ ചൗ. എന്നാല്‍ നൂറ്റാണ്ടുകളായി പുറം ലോകവുമായി ബന്ധമില്ലാതെ തനത് ജീവിത രീതികളുമായി കഴിയുന്ന ആന്‍ഡമാനിലെ ആദിമ നിവാസികള്‍, പുറമെ നിന്ന് അവരുടെ ഇടങ്ങളിലേക്ക് കടന്ന് കയറുന്നവരെ തുരത്തിയോടിക്കുകയാണ് ചെയ്യാറ്.