പോര്‍ട്ട്‌ബ്ലയര്‍: ആന്‍ഡമാന്‍ നിക്കോബാറിലെ ഉത്തര സെന്റിനല്‍ ദ്വീപില്‍ ഗോത്രവര്‍ഗക്കാരുടെ അമ്പേറ്റു യുഎസ്‌ പൗരന്‍ ജോണ്‍ അലന്‍ ചൗ കൊല്ലപ്പെട്ട സംഭവത്തില്‍​ അമേരിക്ക നടപടി ആവശ്യപ്പെട്ടില്ല. ഈ കേസില്‍ ഗോത്രവര്‍ഗക്കാര്‍ക്കെതിരെ എന്തെങ്കിലും നടപടി വേണമെന്ന് അമേരിക്കന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് രാജ്യാന്തര മതകാര്യ വിഭാഗം അംബാസഡര്‍ സാമുവല്‍ ബ്രൗണ്‍ബാക്ക് പറഞ്ഞു.
‘സംഭവിച്ചത് വളരെ​ ഖേദകരമായ കാര്യമാണ്. പക്ഷെ ഇന്ത്യന്‍ സര്‍ക്കാരിനോട് കേസില്‍ എന്തെങ്കിലും തരത്തിലുളള നടപടികള്‍ക്കോ റിപ്പോര്‍ട്ടിനോ ആവശ്യപ്പെട്ടിട്ടില്ല,’ ബ്രൗണ്‍ബാക്ക് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നവംബര്‍ 17 നാണ് ജോണ്‍ കൊല്ലപ്പെട്ടത്. ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ഗോത്രവർഗ വിഭാഗങ്ങളെ കാണാന്‍ ചെന്നതായിരുന്നു അമേരിക്കന്‍ സുവിശേഷകൻ. കഴിയുമെങ്കില്‍ അവരെ മതപരിവർത്തനം ചെയ്യാനും അദ്ദേഹം ആഗ്രഹിച്ചു. തന്റെ പക്കലുള്ള മത്സ്യവും മറ്റു ചില സമ്മാനങ്ങളും സുവിശേഷകന്‍ ഗോത്രവർഗക്കാർക്ക് നൽകി. എന്നാൽ ഗോത്രവർഗക്കാർ സുവിശേഷകനെ കൊലപ്പെടുത്തി കടൽത്തീരത്തെ മണലിൽ കുഴിച്ചിട്ടു.

വാഷിങ്ടണിലെ വാൻകൂവർ നഗരത്തിൽ നിന്നുള്ള ജോൺ അലൻ ചൗ എന്ന 26കാരനാണ് കൊല ചെയ്യപ്പെട്ടത്. തന്റെ മിഷനറി പ്രവർത്തനങ്ങളുമായി ബേ ഓഫ് ബംഗാളിലെ ഇന്ത്യൻ പ്രദേശമായ ആന്തമാൻ ദ്വീപിലേക്കാണ് ജോൺ അലൻ യാത്ര നടത്തിയത്. അവിടുത്തെ സെന്റനലീസ് ഗോത്രവർഗക്കാരുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. നൂറ്റാണ്ടുകളായി ഒറ്റപ്പെട്ട് ജീവിക്കുന്നവരാണിവർ. പുറത്തു നിന്നുള്ളവരോട് ഭയത്തോടെയാണ് ഇവർ പ്രതികരിക്കാറുളളത്. ഇന്ത്യൻ നിയമപ്രകാരം ഈ ദ്വീപിലേക്ക് പ്രവേശനം നിഷിപ്തമാണ്.

ജോൺ അലൻ ചൗ തന്റെ അവസാന യാത്രയ്ക്കു തൊട്ടു മുൻപെഴുതിയ വാക്കുകൾ അദ്ദേഹത്തിന്റെ അമ്മ വാഷിങ്ടൺ പോസ്റ്റുമായി പങ്കു വയ്ക്കുകയുണ്ടായി. ചൗ തന്റെ ആദ്യത്തെ ആൻഡമാൻ യാത്ര തൊട്ടടുത്തെത്തിയതിനു ശേഷം ഉപേക്ഷിച്ചിരുന്നു. അഞ്ചടി അഞ്ച് ഇഞ്ചോളം ഉയരമുള്ള മനുഷ്യരെയാണ് താൻ ദ്വീപിൽ കണ്ടതെന്ന് ജോൺ എഴുതി. മുഖത്ത് മഞ്ഞനിറത്തിലുള്ള എന്തോ പൂശിയിട്ടുണ്ട്. അവരുടെ ഭാഷയിൽ സംസാരിക്കാൻ ശ്രമിച്ചപ്പോൾ ദേഷ്യത്തോടെ ആക്രോശിക്കുകയാണുണ്ടായത്.

തന്റെ പേര് ജോൺ എന്നാണെന്നും താനും യേശുവും അവരെ സ്നേഹിക്കുന്നെന്നും ഗോത്രവർഗക്കാരോട് താൻ ഉറക്കെ വിളിച്ചു പറഞ്ഞതായി ജോൺ എഴുതുന്നു. കുട്ടികളിലൊരാൾ ഒരു അമ്പു കൊണ്ട് തന്നെ എറിഞ്ഞെന്നും അത് തന്റെ വാട്ടർപ്രൂഫ് ബൈബിൾ തുളച്ചെന്നും ജോൺ എഴുതുന്നു.

നവംബർ 16ന് ജോൺ അലൻ ഇങ്ങനെ എഴുതി: “നിങ്ങൾ കരുതും എനിക്ക് ഭ്രാന്താണെന്ന്. പക്ഷെ യേശു അവരുടേതാണെന്ന് ഈ മനുഷ്യരോട് പ്രഖ്യാപിക്കുന്നത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു.” തനിക്ക് ലക്ഷ്യം കാണിച്ചു തന്ന മത്സ്യത്തൊഴിലാളികളുടെ ബോട്ടിൽ നിന്നും ചെറിയൊരു തോണിയിൽ കയറി ദ്വീപിലേക്ക് യാത്ര ചെയ്യുമ്പോൾ ജോൺ ഇതുകൂടി കുറിച്ചു: “ദൈവമേ, എനിക്ക് മരിക്കേണ്ട!”

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook