ന്യൂഡല്‍ഹി: ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ അത് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന് ചൈന. അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള അമേരിക്കയുടെ നീക്കത്തെ എതിര്‍ത്തുകൊണ്ടാണ് ചൈന രംഗത്തെത്തിയിരിക്കുന്നത്.

ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലില്‍ പ്രമേയം അവതരിപ്പിച്ച് നിര്‍ബന്ധം ചെലുത്തുന്നതു വഴി യുഎന്‍ ഭീകര വിരുദ്ധ കമ്മിറ്റിയെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും ചൈന ആരോപിച്ചു. ‘യുഎന്നിന്റെ 1267 കമ്മിറ്റിയെ മറികടന്നുകൊണ്ട് സെക്യൂരിറ്റി കൗണ്‍സിലില്‍ നേരിട്ട് പ്രമേയം സമര്‍പ്പിക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. ചര്‍ച്ചകളിലൂടെ പ്രശ്‌ന പരിഹാരം കണ്ടെത്തുക എന്ന പ്രതിജ്ഞ തെറ്റിക്കുകയാണ് യുഎസ് ചെയ്യുന്നത്,’ എന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ജെന്‍ങ് ഷൗങ് പറഞ്ഞു.

Read More: മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അമേരിക്കയുടെ നീക്കം; പിന്തുണയോടെ ബ്രിട്ടനും ഫ്രാന്‍സും

നിര്‍ബന്ധപൂര്‍വ്വം ഇത്തരത്തിലൊരു നീക്കത്തിന് ശ്രമിക്കാതെ ചര്‍ച്ചകളിലൂടെ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ അമേരിക്കയോട് ആവശ്യപ്പെടുന്നതായും ചൈനീസ് വക്താവ് വ്യക്തമാക്കി.

അസ്ഹറിനെ കരിമ്പട്ടികയില്‍പ്പെടുത്താനുള്ള പുതിയ പ്രമേയവുമായി അമേരിക്ക രംഗത്തെത്തിയിരിക്കുകയാണ്. രണ്ടാഴ്ച മുമ്പ് യുഎന്‍ രക്ഷാ സമിതിയില്‍ ഈ ആവശ്യം ഉന്നയിച്ചപ്പോള്‍ ചൈന എതിര്‍ക്കുകയായിരുന്നു. അതിനു പിന്നാലെയാണ് അമേരിക്കയുടെ പുതിയ നീക്കം. ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവരുടെ പിന്തുണയോടെ അമേരിക്ക കരട് പ്രമേയം യുഎന്‍ രക്ഷാ സമിതിയില്‍ അവതരിപ്പിക്കും. 15 അംഗങ്ങളാണ് സമിതിയില്‍ ഉള്ളത്.

മസൂദ് അസ്ഹറിന്റെ ആസ്തികള്‍ മരവിപ്പിക്കുക, യാത്രാ വിലക്ക് ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാകും കരട് പ്രമേയം. ചൈനയുടെ എതിര്‍പ്പാണ് മുന്‍പും ഈ ആവശ്യത്തിന് തിരിച്ചടിയായത്. പ്രമേയത്തിന്റെ കരട് ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്ക് യുഎസ് കൈമാറിയിട്ടുണ്ട്. ചൈന മുസ്‌ലിം ഭീകരവാദികളെ സഹായിക്കുകയാണെന്ന് അമേരിക്ക ആരോപിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook