സോൾ: ഒരേസമയം അമേരിക്കയുടെയും ദക്ഷിണ കൊറിയയുടെയും സൈനികർ സംയുക്തമായി നടത്തിയ സൈനിക അഭ്യാസത്തിനെതിരെ രൂക്ഷമായ വിമർശനവുമായി ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ്ങ് ഉൻ. മൂന്നാം ലോക മഹായുദ്ധത്തിനാണ് അമേരിക്ക ദക്ഷിണ കൊറിയയുമായി ചേർന്ന് മുന്നൊരുക്കം നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

കൊറിയൻ മുനമ്പിനെ ആണവയുദ്ധത്തിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് അമേരിക്ക നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഉത്തരകൊറിയ, അമേരിക്കയിലെ അലാസ്ക വരെ എത്താവുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിജയകരമായി വിക്ഷേപിച്ചിരുന്നു. ഇതിന് മറുപടിയായാണ് സംയുക്ത സൈനികാഭ്യാസം ദക്ഷിണ കൊറിയയും അമേരിക്കയും നടത്തിയത്.

മിസൈൽ ബാറ്ററികൾ ലക്ഷ്യമിട്ടുള്ള ബോംബർ വിമാനങ്ങളുടെ ആക്രമണമായിരുന്നു അമേരിക്കൻ നിരയിലെ പ്രധാന സവിശേഷത. എന്നാൽ ഭൂമിക്കടിയിലെ ശത്രു സങ്കേതങ്ങൾ ആക്രമിക്കാനുള്ള സൈന്യത്തിന്റെ ശേഷി വെളിപ്പെടുത്തിയ ദക്ഷിണ കൊറിയയുടെ പ്രകടനവും ശ്രദ്ധേയമായി. അഭ്യാസപ്രകടനം കൊറിയൻ അതിർത്തി പ്രദേശം വരെയെത്തിയതാണ് ഉത്തര കൊറിയയെ ചൊടിപ്പിച്ചത്.

ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചതായി ജൂലൈ നാലിന് ഉത്തരകൊറിയ അറിയിച്ചിരുന്നു. യുഎസിലെ അലാസ്ക വരെ എത്താൻ ശേഷിയുള്ളതാണു മിസൈൽ എന്നു അമേരിക്ക സ്ഥിരീകരിക്കുകയും ചെയ്തു. ലോകരാഷ്ട്രങ്ങളുടെ പ്രതിഷേധത്തെ മറികടന്നാണ് അണ്വായുധം വഹിക്കാൻ ശേഷിയുള്ള ഹ്വാസോങ്-14 മിസൈൽ ഉത്തരകൊറിയ പരീക്ഷിച്ചത്. ലോകത്തെവിടെയും ആക്രമണം നടത്താൻ ഇതോടെ തങ്ങൾക്ക് സാധിക്കും എന്ന് ഉത്തരകൊറിയ ദേശീയ മാധ്യമത്തിലൂടെ പ്രഖ്യാപിക്കുകയും ചെയ്തു.

ആണവ പരീക്ഷണങ്ങൾ നടത്തി നിരന്തരം പ്രകോപനം സൃഷ്ടിക്കുന്ന ഉത്തരകൊറിയയ്ക്ക് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒരാഴ്ച മുൻപ് രംഗത്തെത്തിയിരുന്നു. എന്നാൽ സമാധാന ചർച്ചയ്ക്ക് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് മൂൺ ജേ ഇൻ സാധ്യത തേടിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ