scorecardresearch

Latest News

ബാങ്ക് തകർന്നാൽ നിക്ഷേപകർക്ക് 90 ദിവസത്തിനുള്ളിൽ അഞ്ച് ലക്ഷം വരെ; ഡിഐസിജിസി ബില്ലിന് അംഗീകാരം

ഡിഐസിജിസി ബില്ലിന്റെ പരിധിയിൽ എല്ലാ വാണിജ്യ ബാങ്കുകളും ഉൾക്കൊള്ളുന്നതായും എല്ലാ ബാങ്ക് നിക്ഷേപങ്ങൾക്കും ഇത് ഇൻഷുറൻസ് പരിരക്ഷ നൽകുന്നുവെന്നും ധനകാര്യ മന്ത്രി പറഞ്ഞു

nirmala sitharaman

ന്യൂഡൽഹി: ബാങ്കുകൾ തകർന്നാൽ നിക്ഷേപകർക്ക് 90 ദിവസത്തിനുള്ളിൽ അഞ്ച് ലക്ഷം രൂപ വരെ ഇൻഷൂറൻസ് തുക ലഭ്യമാക്കുന്നതിനുള്ള ഡെപ്പോസിറ്റ് ഇൻഷുറൻസ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ (ഡിഐസിജിസി) ബിൽ 2021 കേന്ദ്ര സർക്കാർ പാസാക്കിയതായി ധനമന്ത്രി നിർമല സീതാരാമൻ.

ഡിഐസിജിസി ബില്ലിന്റെ പരിധിയിൽ എല്ലാ വാണിജ്യ ബാങ്കുകളും ഉൾക്കൊള്ളുന്നതായും എല്ലാ ബാങ്ക് നിക്ഷേപങ്ങൾക്കും ഇത് ഇൻഷുറൻസ് പരിരക്ഷ നൽകുന്നുവെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിലെ വിദേശ ബാങ്ക് ശാഖകൾ പോലും ഇതിന്റെ പരിധിയിൽ വരുമെന്നും മന്ത്രി വ്യക്തമാക്കി.

ഡിഐസിജിസി പ്രകാരം, ഓരോ നിക്ഷേപകരുടയും ബാങ്ക് നിക്ഷേപത്തിന് ഓരോ ബാങ്കിലും പരമാവധി അഞ്ച് ലക്ഷം രൂപ വരെ ഇൻഷ്വർ ചെയ്യപ്പെടുന്നു. ഇൻഷ്വറൻസ് തുകയുടെ പരിധി ഒരു ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷമായി ഉയർത്തുന്നത് എല്ലാ നിക്ഷേപ അക്കൗണ്ടുകളുടെയും 98.3 ശതമാനത്തെയും നിക്ഷേപ മൂല്യത്തിന്റെ 50.9 ശതമാനത്തെയും ഉൾക്കൊള്ളുമെന്ന് സീതാരാമൻ അഭിപ്രായപ്പെട്ടു.

Read More: കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

“സാധാരണയായി, ഇൻ‌ഷുറൻസിനു കീഴിൽ പണം ലഭിക്കുന്നതിന് 8-10 വർഷമെടുക്കും; ഇപ്പോൾ, ഒരു മൊറട്ടോറിയം ഉണ്ടെങ്കിൽ പോലും, 90 ദിവസത്തിനുള്ളിൽ, ഈ പ്രക്രിയ തീർച്ചയായും പൂർത്തിയാകും, ഇത് നിക്ഷേപകർക്ക് ആശ്വാസം നൽകും,” ധനമന്ത്രി പറഞ്ഞു.

1961 ലെ ഡിഐസിജിസി നിയമത്തിലാണ് കേന്ദ്രം ഭേദഗതി വരുത്തിയത്. ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനങ്ങളിലൊന്നായിരുന്നു ഭേദഗതി.

കഴിഞ്ഞ വർഷമാണ് ബാങ്ക് നിക്ഷേപത്തിന്റെ ഇൻഷുറൻസ് പരിരക്ഷ സർക്കാർ ഒരു ലക്ഷത്തിൽ നിന്ന് അഞ്ച് മടങ്ങ് ഉയർത്തി അഞ്ച് ലക്ഷം രൂപയാക്കിയിയത്. പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര കോ-ഓപ്പറേറ്റീവ് (പിഎംസി) ബാങ്ക് പോലുള്ള തകർച്ച നേരിടുന്ന ബാങ്കുകളിലെ നിക്ഷേപകർക്ക് സഹായം നൽകുന്നതിനായിരുന്നു അത്. പിഎംസിക്ക് പുറമെ സ്വകാര്യ ബാങ്കുകളായ യെസ് ബാങ്ക്, ലക്ഷ്മി വിലാസ് ബാങ്ക് തുടങ്ങിയവയും സമാന സാഹചര്യങ്ങളെ നേരിട്ടതോടെയാണ് സർക്കാരും ബാങ്കിങ് രെഗുലേറ്ററും പുനക്രമീകരണത്തിലേക്ക് നീങ്ങിയത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Amendment to dicgc act deposit insurance credit guarantee corporation nirmala sitharaman cabinet decisions july 28 key announcements