മീററ്റ്: ബിജെപി നേതാവ് മാലയിട്ട അംബേദ്കർ പ്രതിമയെ പാലും ഗംഗാ ജലവും കൊണ്ട് ശുദ്ധീകരിച്ച് ദലിത് അഭിഭാഷകർ. ജില്ലാ കോടതിക്കു മുൻപാകെ സ്ഥാപിച്ചിട്ടുളള അംബേദ്കർ പ്രതിമയിൽ വെളളിയാഴ്ചയാണ് ബിജെപി സ്റ്റേറ്റ് സെക്രട്ടറി സുനിൽ ബൻസാൽ മാലയിട്ടത്. ബൻസാൽ മാലയിട്ടതോടെ പ്രതിമ അശുദ്ധമായെന്നും അതിനാലാണ് ശുദ്ധി വരുത്തിയതെന്നും അഭിഭാഷകർ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
‘ആർഎസ്എസിന്റെ രാകേഷ് സിൻഹ മാലയിട്ടതുകൊണ്ടാണ് പ്രതിമ ശുദ്ധീകരിക്കുന്നത്. ബിജെപി സർക്കാർ ദലിതരെ അടിച്ചമർത്തുകയാണ്. അംബേദ്കറിനു വേണ്ടി അവരൊന്നും ചെയ്തിട്ടില്ല. പക്ഷേ അദ്ദേഹത്തിന്റെ പേര് ഉപയോഗിച്ച് അവർ തങ്ങളുടെ പാർട്ടിയെ പ്രൊമോട്ട് ചെയ്യുകയാണ്. ദലിത് സമൂഹത്തെ ഒറ്റപ്പെടുത്തുന്ന നിലപാടുകളാണ് ബിജെപി സ്വീകരിച്ചിട്ടുളളത്’, അഭിഭാഷകരിലൊരാൾ എഎൻഐയോട് പറഞ്ഞു.
ദലിതരോടുളള ബിജെപി, ആർഎസ്എസിന്റെ ഇരട്ടത്താപ്പിനെതിരെയാണ് അഭിഭാഷകരുടെ പ്രതിഷേധം. യുപിയിൽ ബിജെപി അധികാരത്തിലെത്തിയശേഷം കലാപങ്ങൾ വർധിച്ചുവെന്നും കുട്ടികളടക്കം 200 ഓളം ദലിതരെ ജയിലിൽ അടച്ചുവെന്നും അവർ ആരോപിച്ചു.
അതേസമയം, അഭിഭാഷകരുടെ ആരോപണങ്ങളെ ബിജെപി വക്താവ് ചന്ദ്ര മോഹൻ നിഷേധിച്ചു. അംബേദ്കർ സ്വപ്നം കണ്ടതുപോലൊരു ഇന്ത്യയെ കെട്ടിപ്പടുക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ദലിത് വിരുദ്ധരായി ഞങ്ങളെ ചിത്രീകരിക്കാനാണ് പ്രതിപക്ഷ പാർട്ടികൾ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.