ഉത്തർപ്രദേശിലെ അംബേദ്‌കർ പ്രതിമ ഇരുമ്പ് കൂട്ടിലടച്ച് താഴിട്ട് പൂട്ടിയ നിലയിൽ. ബദൗനിലെ ഗഡ്ഡി ചൗക് ഏരിയയിലെ അംബേദ്‌കർ പ്രതിമയാണ് ഇരുമ്പ് കൂട്ടിലാക്കിയത്. സദർ കോട്‌വാലി പൊലീസ് സ്റ്റേഷന് സമീപത്ത് സ്ഥാപിച്ചിരുന്ന പ്രതിമ അംബേദ്‌കർ അനുയായികളാണ് ഇരുമ്പ് കൂട്ടിലടച്ചതെന്നാണ് പ്രാഥമിക നിഗമനം.
പ്രതിമ തകർക്കപ്പെടുന്ന സംഭവങ്ങൾ ഉത്തർപ്രദേശിൽ നിരന്തരം അരങ്ങേറിയ സാഹചര്യത്തിൽ പ്രതിമയെ സംരക്ഷിക്കുന്നതിന് വേണ്ടിയാകും ഇത്തരത്തിൽ ഇരുമ്പ് കവചം കൊണ്ട് കൂടൊരുക്കിയതെന്ന് സ്ഥലത്തെ പൊലീസ് ഇൻസ്പെക്ടർ വീരേന്ദ്ര സിംഗ് യാദവ് പറഞ്ഞു.
പ്രതിമയ്ക്ക് ഇപ്പോൾ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ മാസം 14 വരെ സംരക്ഷണം തുടരാനാണ് തീരുമാനം. പ്രതിമ തകർക്കാൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകളുണ്ട്.
പ്രതിമയ്ക്ക് ചുറ്റും ഇരുമ്പ് കൂട് സ്ഥാപിച്ചത് ആരെന്ന് വ്യക്തമല്ലെങ്കിലും മൂന്ന് ജവാന്മാരുടെ നിരീക്ഷണം ആണ് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്.