വാഷിങ്ടണ്‍: മതകാര്യ വിവാദങ്ങളുടെ പേരില്‍ പഴി കേള്‍ക്കാത്തവരല്ല ആമസോണ്‍. നേരത്തേ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ പതിച്ച ചെരുപ്പുകള്‍ വില്‍പ്പനയ്ക്ക് വെച്ച് ഓണ്‍ലൈന്‍ വില്‍പ്പന വെബ്സൈറ്റായ ആമസോണ്‍ വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇസ്ലാമിക സൂക്തങ്ങള്‍ അച്ചടിച്ച ടോയിലറ്റ് കവറുകള്‍ ആമസോണ്‍ സൈറ്റില്‍ വില്‍പ്പനയ്ക്ക് വെച്ചത്.

ആമസോണ്‍ വെബ്സൈറ്റില്‍ ടോയിലറ്റ് കവറിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചതോടെ നിരവധി പേരാണ് സൈറ്റിനെതിരെ രംഗത്തെത്തിയത്. ഇതോടെ അമേരിക്കന്‍ ഇസ്ലാമിക് റിളേഷന്‍സ് (സിഎഐആര്‍) സംഘടന രംഗത്തെത്തി. ഉടന്‍ തന്നെ വെബ്സൈറ്റില്‍ നിന്നും പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്നും ഈ ഉത്പന്നങ്ങളുടെ വില്‍പ്പന നിര്‍ത്തണമെന്നും സിഎഐആര്‍ ആവശ്യപ്പെട്ടു. നിരവധി പരാതികള്‍ തങ്ങള്‍ക്ക് ലഭിച്ചെന്നും ഇസ്ലാമിക സൂക്തങ്ങളെ നിന്ദിക്കാനുളള വഴിയാണ് ആമസോണ്‍ ഒരുക്കിയതെനന്നും സംഘടന പറഞ്ഞു.

പ്രവാചകനായ മുഹമ്മദ് നബിയേയും അളളാഹുവിനേയും പരാമര്‍ശിക്കുന്ന സൂക്തങ്ങളാണ് ടോയിലറ്റ് കവറില്‍ അച്ചടിച്ചിരിക്കുന്നത്. എംവെന്‍സി എന്ന കമ്പനിയില്‍ നിന്നുളള ഉത്പന്നങ്ങളാണ് ആമസോണില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. ടോയിലറ്റ് കവറുകള്‍ കൂടാതെ ഇസ്ലാമിക സൂക്തങ്ങള്‍ അച്ചടിച്ച ചവിട്ടിയും സൈറ്റില്‍ വില്‍പ്പനയ്ക്ക് വെച്ചിരുന്നു. സംഭവം വിവാദമായതോടെ ആമസോണ്‍ ഉത്പന്നം വില്‍ക്കുന്നത് നിര്‍ത്തി വെച്ചു. സുവര്‍ണ ക്ഷേത്രത്തിന്റെ ചിത്രം അച്ചടിച്ച ടോയിലറ്റ് കവര്‍ വില്‍പ്പനയ്ക്ക് വെച്ചതിന് ആമസോണ്‍ ഈയടുത്താണ് പഴി കേട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook