ഇന്ത്യയിൽ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന വൻ പദ്ധതിയുമായി ഇ – കോമേഴ്സ് ഭീമന്മാരായ ആമസോൺ. ആർക്കും ഡെലിവറി ചെയ്യാൻ സാധിക്കുന്ന പദ്ധതിയാണ് രാജ്യത്തെ വിവിധ നഗരങ്ങളിൽ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഓരോ മണിക്കൂറിലും 120 മുതൽ 140 രൂപ വരെ വരുമാനം ലഭിക്കുന്ന തൊഴിലവസരമാണ് ആമസോൺ ഒരുക്കുന്നത്.

ആമസോൺ ഫ്ലക്സിൽ എതൊരാൾക്കും എളുപ്പത്തിൽ സൈൻ അപ്പ് ചെയ്യാൻ സാധിക്കും. അത്തരത്തിൽ രജിസ്ട്രേഷൻ പൂർത്തിയാക്കി കഴിഞ്ഞാൽ തങ്ങളുടേതായ ഷെഡ്യൂളുകളിൽ ആമസോൺ പാഴ്സലുകൾ ഉപഭോക്താക്കളിൽ എത്തിക്കുകയാണ് ദൗത്യം. ഷെഡ്യൂളുകൾ തീരുമാനിക്കാൻ സാധിക്കുമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. നിലവിൽ ബംഗലൂരും, മുംബൈ, ഡൽഹി എന്നീ നഗരങ്ങളിലാണ് ആമസോൺ ഫ്ലക്സ് ലോഞ്ച് ചെയ്തിരിക്കുന്നത്.

“ഒരു ആപ്ലിക്കേഷനിലൂടെ വികസിപ്പിച്ചിരിക്കുന്ന പദ്ധതിയിലൂടെ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു. അതുവഴി ഓരോ വ്യക്തിക്കും വരുമാനം ഉണ്ടാക്കാനും സാധിക്കുന്നു.” ആമസോൺ അറിയിച്ചു.

രജിസ്ട്രേഷൻ പൂർത്തിയായതിന് ശേഷം വ്യക്തമായ വേരിഫിക്കേഷനുകൾക്കും പരിശീലനങ്ങൾക്കും ശേഷം മാത്രമാകും ഡെലിവറി പാട്ണേഴ്സിനെ ഫീൾഡിലേക്ക് അയക്കുക. ഇത് കമ്പനിയുടെ ഡെലിവറി വർധിപ്പിക്കാനും കൂടുതൽ വേഗത്തിലാക്കാനും സാധിക്കുമെന്നും കമ്പനി കരുതുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook