റാഞ്ചി: ഓൺലൈൻ മദ്യ വിതരണത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ച് ഫുഡ് ഡെലിവറി സേവന ദാതാക്കളയാ സ്വിഗ്ഗിയും സൊമാറ്റോയും. ഓൺലൈനിൽ ബുക്ക് ചെയ്യുന്നതനുസരിച്ച് വീടുകളിലെത്തിക്കുന്ന സേവനമാണ് സ്വിഗ്ഗിയും സൊമാറ്റോയും ആരംഭിച്ചത്. ആദ്യഘട്ടത്തിൽ ഝാർഘണ്ഡിൽ ആരംഭിച്ച സേവനം ഉടൻ മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ഇരു കമ്പനികളും വ്യക്തമാക്കി.

ഝാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലാണ് സിഗ്ഗി ആദ്യം പ്രവര്‍ത്തനം ആരംഭിച്ചത്. റാഞ്ചി, ജംഷദ്‌പൂർ, ബൊക്കാറോ എന്നിവിടങ്ങളിലാണോ സൊമാറ്റോയുടെ ആൽക്കഹോൾ ഡെലിവറി സംവിധാനം ആദ്യഘട്ടത്തിൽ ലഭ്യമാവുക. സംസ്ഥാനത്തെ മറ്റു നഗരങ്ങളിലും ഒരാഴ്ചക്കകം സേവനം ലഭ്യമാക്കുമെന്ന് ഇരു കമ്പനികളും അറിയിച്ചു. കൂടുതൽ സംസ്ഥാനങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കുന്നതിനായി ചർച്ച നടത്തി വരികയാണെന്നും അവർ അറിയിച്ചു.

സ്വിഗ്ഗി ആപ്പിൽ വൈൻ സ്റ്റോർസ് സെക്ഷൻ എടുത്ത് മദ്യം ഓർഡർ ചെയ്യാം. ആപ്പ് അപ്ഡേറ്റ് ചെയ്താൽ മാത്രമാണ് ഈ സൗകര്യം ലഭ്യമാവുക. മദ്യം ആവശ്യപ്പെടുന്നതിനായി ഉപഭോക്താക്കൾക്ക് 25 വയസ്സ് പൂർത്തിയായിരിക്കണം. ഇതിനുള്ള തിരിച്ചറിയൽ രേഖകളുടെ ഫോട്ടോയും സമർപിക്കണം. സൊമാറ്റോ ആപ്പിന്റെ പ്രവർത്തന രീതി എങ്ങനെയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സ്വിഗ്ഗിയുടേതിന് സമാനമായ തരത്തിലായിരിക്കും ആപ്പ് പ്രവർത്തിക്കുക.

Read More: ‘ബവ് ക്യു’; ആപ്പിന് പേരായി, മദ്യവിൽപ്പന ശനിയാഴ്‌ച ആരംഭിച്ചേക്കും

മദ്യ വിൽപന ശാലകളിൽ നിന്നാണ് സ്വിഗ്ഗിയും സൊമാറ്റോയും മദ്യം എത്തിച്ചു നൽകുന്നത്. കേരളത്തിൽ ബിവറേജസ് കോർപറേഷൻ വിൽപന ശാലകളിൽ നിന്ന് മദ്യം വാങ്ങുന്നതിനായി പ്രത്യേക മൊബൈൽ ആപ്പ് വികസിപ്പിച്ചിരുന്നു. ബെവ് ക്യൂ എന്ന പേരിലുള്ള ആപ്പ് വഴി മദ്യം വീട്ടിലെത്തിക്കാനാവില്ല. വെർച്വൽ ക്യൂ ആപ്പ് ആയ ബെവ് ക്യൂ വഴി അടുത്തുള്ള ബിവറേജസ് കോർപറേഷൻ വിൽപന ശാലയിൽ നിന്ന് മദ്യം വാങ്ങുന്നതിനുള്ള സമയം ബുക്ക് ചെയ്യുകയും ആ സമയത്ത് കടയിലെത്തി മദ്യം വാങ്ങുകയുമാണ് വേണ്ടത്. കേരളത്തിൽ മദ്യം ഹോം ഡെലിവറി ചെയ്യുന്ന കാര്യം നേരത്തേ ചർച്ചയായിരുന്നു.

ഭക്ഷണ വിതരണ രംഗത്തേക്ക് ആമസോൺ

അതേ സമയം, സ്വിഗ്ഗി, സൊമാറ്റോ എന്നിവയ്ക്ക് സമാനമായി ഇന്ത്യയിൽ ഓൺലൈൻ ഭക്ഷണ വിതരണ സേവനം ആരംഭിച്ചിരിക്കുകയാണ് ഇ കൊമേഴ്സ് ഭീമനായ ആമസോൺ. ആമസോൺ ഫുഡ് എന്ന പേരിലാണ് പുതിയ ഫുഡ് ഡെലിവറി സേവനം ആമസോൺ ആരംഭിക്കുന്നത്. തിരഞ്ഞെടുത്ത ഹോട്ടലുകളിൽ നിന്നുള്ള ഭക്ഷണം ആമസോൺ ഫുഡ് വഴി ഉപഭോക്താക്കളുടെ വീടുകളിലെത്തിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

നിലവിൽ സ്വിഗ്ഗിയും സൊമാറ്റോയുമാണ് ഇന്ത്യയിലെ ഓൺലൈൻ ഫുഡ് ഡെലിവറി രംഗത്ത് മുന്നിലുള്ള സ്ഥാപനങ്ങൾ. എന്നാൽ അടുത്തിടെ ഇരു സ്ഥാപനങ്ങളും അവരുടെ ഒരുവിഭാഗം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. കോവിഡ് -19 കാരണം പ്രവർത്തനം കുറഞ്ഞ സാഹചര്യത്തിലാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്നാണ് ഇരു കമ്പനികളുടെയും വിശദീകരണം. രാജ്യത്തെ മറ്റോരു പ്രധാന ഓൺലൈൻ ഭക്ഷണ വിതരണ സേവനമായ യൂബർ ഈറ്റ്സ് ജനുവരിയിൽ സൊമാറ്റോയുമായി ലയിച്ചിരുന്നു.

Read More: സൊമാറ്റോ: 13 ശതമാനം ജീവനക്കാർക്ക് ജോലി നഷ്ടപ്പെടും; ആറു മാസത്തേക്ക് 50 ശതമാനം ശമ്പളം നൽകാമെന്ന് കമ്പനിയുടെ സന്ദേശം

രാജ്യത്തെ മുൻനിര ഫുഡ് ഡെലിവറി സേവന ദാദാക്കളെ പിറകിലാക്കി ഈ രംഗത്ത് ഒന്നാമതെത്താൻ ലക്ഷ്യമിട്ടാണ് ആമസോണിന്റെ പുതിയ നീക്കമെന്നാണ് വിലയിരുത്തുപ്പെടുന്നത്. ആദ്യ ഘട്ടത്തിൽ ബംഗലൂരു നഗരത്തിൽ ആരംഭിച്ച ആമസോൺ ഫുഡ് പിന്നീട് മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കും.

ശുചിത്വത്തിന് പ്രാധാന്യം നൽകിക്കൊണ്ടായിരിക്കും തങ്ങളുടെ ഫുഡ് ഡെലിവറി സേവനം പ്രവർത്തിക്കുകയെന്ന് ആമസോൺ വക്താവ് പറഞ്ഞു. കോവിഡ് വ്യാപനത്തെത്തുടർന്ന് ആളുകൾ ഫുഡ് ഡെലിവറി സംവിധാനങ്ങളെ ആശ്രയിക്കാൻ മടിക്കുന്നുവെന്നും അതിനാലാണ് ശുചിത്വത്തിനും സുരക്ഷയ്ക്കും പ്രാധാന്യം നൽകി ആമസോൺ ഫുഡ് ആരംഭിക്കുന്നതെന്നും കമ്പനി വക്താവ് പറഞ്ഞു. ലോക്ഡൗണിനെത്തുടർന്ന് ബുദ്ധിമുട്ടിലായ റസ്റ്ററന്റുകളെ സഹായിക്കുക എന്ന ലക്ഷ്യവും തങ്ങൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook