ന്യൂഡൽഹി: രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ഓൺലൈൻ ഷോപ്പിങ് സേവനങ്ങൾ വഴി അവശ്യ വസ്‌തുക്കളല്ലാത്ത ഉൽപന്നങ്ങളും വാങ്ങാം. ഈമാസം മൂന്നു വരെ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കേന്ദ്രസർക്കാർ മേയ് 14 വരെയാണ് നീട്ടിയിരിക്കുന്നത്. എന്നാൽ, ഇതിനൊപ്പം ചില ഇളുവുകളും സർക്കാർ പ്രഖ്യാപിച്ചിരുന്നു.

കോവിഡ് രോഗബാധ കുറവുള്ള ഓറഞ്ച്, ഗ്രീൻ സോണുകളിലെ ജില്ലകളിലാണ് ഇളവുകൾ.
ഇതിന്റെ ഭാഗമായി ഇനി ഓറഞ്ച്, ഗ്രീൻ സോണുകളിലെ ജില്ലകളിൽ ഓൺലൈൻ ഷോപ്പിങ് സേവനങ്ങൾ വഴി അവശ്യ വസ്‌തുക്കളല്ലാത്ത ഉൽപന്നങ്ങളും വാങ്ങാൻ സാധിക്കും. ഫ്‌ളിപ്‌കാർട്ട്, ആമസോൺ അടക്കമുള്ള ഇ-കൊമേഴ്‌സ് സേവനങ്ങൾ ഇളവിന്റെ പരിധിയിലുൾപ്പെടുന്നു. മൊബെെൽ ഫോൺ അടക്കമുള്ള ഇലക്‌ട്രോണിക് ഉൽപന്നങ്ങൾ ഓൺലെെൻ വഴി ഓർഡർ ചെയ്യാൻ അവസരമുണ്ട്. മേയ് നാല് മുതലാകും ഓൺലെെൻ സേവനങ്ങൾ ആരംഭിക്കുക.

Read Also: അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കൽ: ചെലവ് വഹിക്കുന്നതെന്ന് കേന്ദ്രമെന്ന് മുഖ്യമന്ത്രി

മൂന്ന് മേഖലകളായി രാജ്യത്തെ ജില്ലകളെ തിരിച്ചാണ് നിയന്ത്രണങ്ങൾ. ഇതിൽ റെഡ് സോണുകളിൽ കടുത്ത നിയന്ത്രണം തുടരും. ഓറഞ്ച്, ഗ്രീൻ സോണുകളിൽ നിയന്ത്രണങ്ങളിൽ ഇളവ് ലഭിക്കും. 21 ദിവസത്തിനിടയിൽ ഒരു പോസിറ്റീവ് കേസ് പോലും റിപ്പോർട്ട് ചെയ്യാത്ത ജില്ലകളാണ് ഗ്രീൻ സോണിൽ ഉൾപ്പെടുക. ഗ്രീൻ സോണുകളിലാണ് കൂടുതൽ ഇളവുകൾ ലഭ്യമാകുക. . ഗ്രീൻ സോണുകളിൽ ബസ് സർവീസുകൾക്ക് അനുമതിയുണ്ട്. എന്നാൽ 50 ശതമാനം യാത്രക്കാരെ മാത്രമേ അനുവദിക്കു.

ഓറഞ്ച് സോണിൽ ഒരു യാത്രക്കാരനുമായി ടാക്സി സര്‍വീസ് ആകാം. അനുവദനീയമായ ആവശ്യങ്ങള്‍ക്ക് മാത്രം ജില്ല വിട്ട് യാത്രയാകാം. കുടുങ്ങി കിടക്കുന്നവരുടെ മടക്കത്തിന് പ്രത്യേക അനുമതി. അതേസമയം വ്യോമ-റെയില്‍-മെട്രോ ഗതാഗതവും അന്തര്‍സംസ്ഥാന യാത്രകളും അനുവദനീയമല്ല. ഓറഞ്ച്, ഗ്രീൺ സോണുകളിൽ ചില ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും രാജ്യത്താകമാനം ചില നിയന്ത്രണങ്ങൾ പൊതുവായിരിക്കും.

Read Also: ഞായറാഴ്ച സമ്പൂർണ അവധി, ഉപാധികളോടെ അന്തർ ജില്ലാ യാത്ര; സംസ്ഥാന സർക്കാരിന്റെ ലോക്ക്ഡൗൺ ഇളവുകളും നിയന്ത്രണങ്ങളും

റെഡ് സോണിൽ കടുത്ത നിയന്ത്രണങ്ങൾ തുടരാൻ തന്നെയാണ് കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയത്തിന്റെ തീരുമാനം. ഓട്ടോ, ടാക്സി, ബസ് സർവീസ് പാടില്ല . സ്വകാര്യ വാഹനത്തിൽ പരമാവധി രണ്ട് യാത്രക്കാർ മാത്രം. ഇരുചക്ര വാഹനത്തിൽ പിൻസീറ്റ് യാത്രക്കാരൻ പാടില്ല. ഉപാധികളോടെ വ്യവസായ ശാലകൾ തുറക്കാം. പുറത്ത് നിന്ന് ആളെ കൊണ്ടുവരാതെ നിർമാണ പ്രവർത്തനങ്ങൾ നടത്താം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook