ന്യൂഡല്‍ഹി: മോദി സർക്കാരിന്റെ വിലക്ഷണമായ നടപടികൾ തെറ്റായ ദിശയിലേയ്ക്കുളള ക്വാണ്ടം ജംപാണ് നടത്തുന്നതെന്ന് നൊബേൽ ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞൻ അമർത്യസെൻ. സാമൂഹിക മേഖലകളോടുളള അവഗണനയാണ് ഇതിന് കാരണം. രാഷ്ട്രീയമായ ഒഴിവുകഴിവുകളോടെ കാതലായ വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചുവിടുകയാണ് ചെയ്യുന്നത്. വിദ്യാഭ്യാസ, ആരോഗ്യരംഗങ്ങളോടുളള അവഗണന അവിടുത്തെ പ്രശ്നങ്ങളെ വിപുലമാക്കുന്നു. കാതലായ വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചുവിടുന്ന നടപടികളാണുണ്ടാകുന്നതെന്നും സെൻ അഭിപ്രയാപ്പെട്ടു.

കാര്യങ്ങൾ വളരെ തെറ്റായ നിലയിലേയ്ക്ക് പോയി കഴിഞ്ഞു. മുൻകാലങ്ങളിലും വിദ്യാഭ്യാസ, ആരോഗ്യമേഖലകളിൽ സർക്കാരുകൾ വേണ്ടത്ര പരിഗണന കൊടുത്തിരുന്നില്ലെങ്കിലും 2014 ന് ശേഷം പൂർണമായും തെറ്റായ ദിശയിലേയ്ക്കുളള കുതിച്ചുചാട്ടമാണ് നടത്തിയിരിക്കുന്നതെന്ന് അമർത്യ സെൻ ചൂണ്ടിക്കാണിക്കുന്നു. അമർത്യ സെന്നും ഴാങ് ദ്രെസ്സെയും ചേർന്നെഴുതിയ ‘ഇന്ത്യയും ഇന്ത്യയുടെ വൈരുദ്ധ്യങ്ങളും’ (India and its Contradictions) എന്ന പുതിയ പുസ്തകത്തിന്റെ ചർച്ചയ്ക്കിടെയാണ് അദ്ദേഹം ഈ അഭിപ്രായം പ്രകടിപ്പിച്ചത്.

ലോകത്തെ വേഗം വളരുന്ന സമ്പദ് വ്യവസ്ഥ എന്ന് പറയുമ്പോഴും ഇന്ത്യയുടെ പിന്നോക്കാവസ്ഥയിലേയ്ക്കുളള​ പോക്കും തമ്മിലുളള വൈരുദ്ധ്യം ചൂണ്ടിക്കാട്ടുകയായിരുന്നു അദ്ദേഹം. ’20 വർഷം മുമ്പ് ഈ മേഖലയിൽ ആറ് രാജ്യങ്ങളിൽ മികച്ചവയിൽ ശ്രീലങ്കയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനം ഇന്ത്യയ്ക്കായിരുന്നു. ഇന്ന് അത് എറ്റവും മോശമായതിൽ രണ്ടാം സ്ഥാനം (ആറ് രാജ്യങ്ങളുളളതിൽ അഞ്ചാം സ്ഥാനം) എന്നായിരിക്കുന്നു. ഏറ്റവും മോശം രാജ്യമായി മാറുന്നതിൽ നിന്നും നമ്മളെ തടയുന്നത് തൊട്ട് മുകളിൽ നിർത്തുന്നതായ പാക്കിസ്ഥാനിലെ പ്രശ്നങ്ങളാണ്.’ അമർത്യ സെൻ പറഞ്ഞു. ഇന്ത്യയുടെ കാര്യത്തിൽ അഭിമാനത്തോടെ പറയുന്ന കാര്യങ്ങളെ കുറിച്ച് വിമർശനാത്മകമായി ചിന്തിച്ചാൽ അത് അവർക്ക് ലജ്ജ ഉളവാക്കുന്നവയാണെന്ന് മനസ്സിലാകും. വാര്‍ത്താ ഏജന്‍സിയായ അയാന്‍സ് റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയിലെ പിന്നാക്ക അവസ്ഥയെ കുറിച്ച് ശ്രദ്ധക്ഷണിക്കാൻ നിങ്ങൾ ശ്രമിച്ചാൽ അപ്പോൾ വിഷയത്തെ വ്യതിചലിപ്പിച്ച് ഇന്ത്യയുടെ പ്രതാപത്തെ കുറിച്ച് പറയും സെൻ ചൂണ്ടിക്കാട്ടി. അനവധി അസമത്വങ്ങളുളളതിനാൽ ശ്രദ്ധ തിരിച്ചുവിടുന്നതിന് വേഗത്തിൽ​ സാധ്യമാകുകയും ചെയ്യുന്നു.

‘എ ഹൗസ് ഫോർ മിസ്റ്റർ ബിശ്വാസ്’ എന്ന നോവൽ എഴുതിയ, ഞാൻ ആദരിക്കുന്ന മഹാനായ എഴുത്തുകാരന്‍ വി.എസ്.നയ്പോളിന് പതിമൂന്നാം നൂറ്റാണ്ടിൽ ഹിന്ദു ക്ഷേത്രങ്ങൾ തകർത്തിട്ടുണ്ടെന്നും ഹിന്ദുസംസ്കാരം തകർത്തിട്ടുണ്ടെന്നും എഴുതാനാകുന്നത് എങ്ങനെയാണ്?. പുതിയ ആശയങ്ങൾ ഉയർന്നുവരുമ്പോൾ അവയെ പരിഗണിക്കാതെയാണ് ഇത്തരം നിലപാടുകൾ വരുന്നത്. നിങ്ങൾക്ക് വി.എസ്.നയ്പോളിന്റെ ശ്രദ്ധ തിരിച്ചുവിടാൻ കഴിയുമെങ്കിൽ നിങ്ങൾക്ക് സമർത്ഥരായ മറ്റുളളവരെ തെറ്റിദ്ധരിപ്പിക്കാൻ സാധിക്കും. ഇത്തരത്തിലുള്ള വ്യതിചലനങ്ങള്‍ ഇവിടെ സ്വാഭാവികമായിരിക്കുന്നു. ഇത്തരത്തിലുള്ള വ്യതിചലനങ്ങള്‍ ഉണ്ടാകുമ്പോൾ  ഈ വ്യതിചലനങ്ങൾക്കെതിരെയും  എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്ന് അമർത്യസെൻ പറഞ്ഞു.

വളർച്ചയും വികസനവും തമ്മിൽ നിർണായകമായ വ്യത്യാസം ഉണ്ടെന്ന് പുസ്തകത്തിന്റെ സഹ എഴുത്തുകാരനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഴാങ് ദ്രെസ്സെ (Jean Dreze) അഭിപ്രായപ്പെട്ടു. വേഗത്തിലുള്ള വളർച്ചയ്ക്ക് സഹായകമായത് ചൈനയുടെ വളർച്ചയിൽ വന്ന മെല്ലെപ്പോക്കും പിന്നെ കണക്കുകളിലെ ചെപ്പടിവിദ്യയുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

“വികസനമാണ് ലക്ഷ്യമെങ്കിൽ സാമ്പത്തിക വളർച്ച എന്നത് ആ ലക്ഷ്യം നേടാനുളള മാധ്യമം മാത്രമാണ്. ആകെ ആഭ്യന്തര ഉത്പാദനത്തിൽ ഏഴ് ശതമാനം ഉണ്ടെന്ന് കരുതുക, എന്നാൽ ഗ്രാമീണ തൊഴിലാളിയുടെ കൂലി പഴയതായി തന്നെ നിലനിൽക്കുകയാണ്. ഇതേ കുറിച്ച് ആരും സംസാരിക്കുന്നില്ല.” അദ്ദേഹം പറഞ്ഞു.

സാമ്പത്തിക വളർച്ച വികസന ലക്ഷ്യം നേടാൻ സഹായകമാകുമെങ്കിലും ഇതിന് പബ്ലിക് ആക്ഷന്റെ പിന്തുണയും ആവശ്യമാണ്.

ബംഗ്ലാദേശിനെക്കാൾ, ഇന്ത്യ സാമ്പത്തികമായി മുന്നിൽ നിൽക്കുന്നുവെന്ന് പറയുമ്പോഴും ആരോഗ്യ മേഖലയുടെ കാര്യമെടുത്താൽ നമ്മൾ ബംഗ്ലാദേശിനേക്കാൾ പിന്നിലാണ്. ഇത് ബംഗ്ലാദേശിനെ അപേക്ഷിച്ച് പബ്ലിക്ക് ആക്ഷൻ ഇന്ത്യയിൽ കുറവായതാണ് ഇതിന് കാരണം. ഇതുപോലെ തന്നെ വിദ്യാഭ്യാസം, പോഷകാഹാരം, സാമൂഹിക സുരക്ഷ, സമത്വം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിലും പബ്ലിക് ആക്ഷൻ ആവശ്യമാണ് എന്നും ഴാങ് ദ്രെസ്സെ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ