കൊല്‍ക്കത്ത: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ബി ജെ പിക്ക് അനുകൂലമായ മത്സരമായിരിക്കുമെന്നു കരുതുന്നതു തെറ്റായിരിക്കുമെന്നു നോബല്‍ സമ്മാന ജേതാവ് അമര്‍ത്യ സെന്‍. നിരവധി പ്രാദേശിക പാര്‍ട്ടികളുടെ വളരെ പ്രാധാന്യമുള്ളതായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അടുത്ത പ്രധാനമന്ത്രിയാകാനുള്ള കഴിവ് തൃണമൂല്‍ കോണ്‍ഗ്രസ് (ടി എം സി) അധ്യക്ഷ മമതാ ബാനര്‍ജിക്കുണ്ട്. എങ്കിലും ബി ജെ പിക്കെതിരെ പൊതുജനാഭിപ്രായത്തിന്റെ ശക്തികളെ സജ്ജമാക്കാന്‍ മമതയ്ക്കു കഴിയുമോയെന്നു സ്ഥാപിക്കപ്പെട്ടിട്ടില്ലെന്നും അമര്‍ത്യ സെന്‍ പറഞ്ഞു.
”നിരവധി പ്രാദേശിക പാര്‍ട്ടികള്‍ക്കു വ്യക്തമായ പ്രാധാന്യമുണ്ടെന്നു ഞാന്‍ കരുതുന്നു. ഡി എം കെ ഒരു പ്രധാന പാര്‍ട്ടിയാണ്. ടി എം സി തീര്‍ച്ചയായും പ്രധാനപ്പെട്ടതാണ്. സമാജ്വാദി പാര്‍ട്ടിക്കു ചില സ്ഥാനങ്ങളുണ്ട്. പക്ഷേ അതിന്റെ വ്യാപ്തി വര്‍ധിപ്പിക്കാന്‍ കഴിയുമോയെന്ന്് അറിയില്ല,” അദ്ദേഹം പറഞ്ഞു.
”ബി ജെ പിയ്ക്കു പകരം വയ്ക്കാവുന്ന മറ്റൊരു പാര്‍ട്ടിയുമില്ലെന്ന നിഷേധാത്മക വീക്ഷണം സ്വീകരിക്കുന്നതു തെറ്റാണെന്നു ഞാന്‍ കരുതുന്നു. കാരണം അതു ഹിന്ദുക്കളുടെ ദിശയിലേക്കു ചായുന്ന കാഴ്ചപ്പാടുള്ള പാര്‍ട്ടിയായി സ്വയം സ്ഥാപിച്ചുകഴിഞ്ഞു,” ഒരു പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ പി ടി ഐയോട് പറഞ്ഞു.
എന്‍ സി പിയും ജനതാ ദള്‍ യുണൈറ്റഡും ഉള്‍പ്പെടെ നിരവധി പാര്‍ട്ടികളുടെ നേതാക്കള്‍ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന പുതിയ സഖ്യത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ബഹുധ്രുവ മത്സരം ബി ജെ പിയുടെ പരാജയം ഉറപ്പാക്കുമെന്നാണ് അവര്‍ കരുതുന്നത്.
”ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാട് ബി ജെ പി ഗണ്യമായി കുറച്ചിരിക്കുന്നു. ഇന്ത്യ വെറും ഹിന്ദു ഇന്ത്യയാണെന്നും ഹിന്ദി സംസാരിക്കുന്ന ഇന്ത്യയാണെന്നുമുള്ള ധാരണയായി അത് ചുരുക്കി. ബി ജെ പിക്കു ബദലില്ലെങ്കില്‍ അത് സങ്കടകരമാണ്. ബി ജെ പി ശക്തമാണെന്നു തോന്നുമെങ്കിലും അതിനു നല്ല ബലഹീനതയുണ്ട്. അതിനാല്‍, മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ ശരിക്കും ശ്രമിച്ചാല്‍ അവര്‍ ഒരു സംവാദത്തിന് വരുമെന്ന് ഞാന്‍ കരുതുന്നു,” അദ്ദേഹം പറഞ്ഞു.
”പ്രധാനമന്ത്രിയാകാന്‍ മമത ബാനര്‍ജിക്കു കഴിവില്ല എന്നല്ല. അര്‍ക്കു വ്യക്തമായ കഴിവുണ്ട്. മറുവശത്ത്, ബി ജെ പിക്കെതിരായ പൊതു നിരാശയുടെ ശക്തികളെ സംയോജിപ്പിച്ച് അതു സാധ്യമാക്കാന്‍ മമതയ്ക്കു കഴിയുമെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യയിലെ ഭിന്നിപ്പിക്കല്‍ അവസാനിപ്പിക്കാന്‍ അവര്‍ക്കു നേതൃത്വപരമായ കഴിവുണ്ടായിരിക്കണം,” ഒരു ചോദ്യത്തിനു മറുപടിയായി അമര്‍ത്യ സെന്‍ പറഞ്ഞു.
2024 ലെ തിരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള കോണ്‍ഗ്രസിന്റെ കഴിവിനെക്കുറിച്ച് അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ”അത് ദുര്‍ബലമായി തോന്നുന്നു. ഒരാള്‍ക്കു കോണ്‍ഗ്രസിനെ എത്രത്തോളം ആശ്രയിക്കാന്‍ കഴിയുമെന്ന് എനിക്കറിയില്ല. എന്നാല്‍ മറ്റൊരു പാര്‍ട്ടിക്കും ഏറ്റെടുക്കാന്‍ കഴിയാത്ത അഖിലേന്ത്യാ വീക്ഷണം കോണ്‍ഗ്രസ് തീര്‍ച്ചയായും നല്‍കുന്നു,” അദ്ദേഹം പറഞ്ഞു.