ന്യൂഡൽഹി: മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വിശ്വ ഹിന്ദു പരിഷത്ത് രംഗത്ത്. അമർനാഥ് തീർത്ഥാടക സംഘത്തിന് നേരെയുണ്ടായ തീവ്രവാദ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് മോദി സർക്കാറിനെ വിശ്വ ഹിന്ദു പരിഷത്ത് വിമർശിച്ചത്. രാജ്യത്ത് തീവ്രവാദ് പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടുവെന്ന് വിശ്വ ഹിന്ദു പരിഷത്ത് കുറ്റപ്പെടുത്തി.

തീവ്രവാദത്തെ പിന്തുണയ്ക്കുകയാണ് കാശ്മീർ സർക്കാർ എന്ന് ആരോപിച്ച വിശ്വഹിന്ദു പരിഷത്ത് തലവൻ പ്രവീൺ തൊഗാഡിയ, മെഹ്ബൂബ മുഫ്തി സർക്കാരിനെ പിരിച്ചുവിടണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. വിഘടനവാദികളെ പിന്തുണയ്ക്കുന്നവരെയും വിഘടന വാദികളെയും തീവ്രവാദികളെയും തുരത്താൻ കാശ്മീർ താഴ്വരയുടെ സമ്പൂർണ്ണ നിയന്ത്രണം ഇന്ത്യൻ സൈന്യത്തിന് വിട്ടുകൊടുക്കണമെന്നും പ്രവീൺ തൊഗാഡിയ ആവശ്യപ്പെട്ടു.

125 കോടി ജനങ്ങളുള്ള രാജ്യത്ത് പ്രതിരോധ മന്ത്രാലയത്തെ നയിക്കാൻ ശക്തനായ ആളുണ്ടാകുമെന്നും, ഈ വകുപ്പിന്റെ ചുമതല ഒരു മന്ത്രിക്ക് നൽകാൻ മോദി സർക്കാർ തയ്യാറാകണമെന്നും പരിഹാസ രൂപേണ പ്രവീൺ തൊഗാഡിയ ആവശ്യപ്പെട്ടു.

ആറ് സ്ത്രീകളടക്കം ഏഴ് പേരാണ് ഇന്നലെ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 19 പേർക്ക് ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തു. കാശ്മീരിലെ അനന്തനാഗ് ജില്ലയിലാണ് തീർത്ഥാടക സംഘത്തിനെതിരെ ആക്രമണം ഉണ്ടായത്.

“അമർനാഥ് തീർത്ഥാടക സംഘത്തിന് സുരക്ഷ ഒരുക്കേണ്ട ചുമതല കേന്ദ്ര സർക്കാരിനുണ്ട്. മൂന്ന് വർഷത്തെ അധികാരം ഇതിന് വളരെയേറെ പര്യാപ്തമായിരുന്നു. എന്നാൽ സർക്കാർ ഇത് ചെയ്തില്ല. ഇതിന്റെ തിക്തഫലമാണ് അമർനാഥ് ആക്രമണം”, പ്രവീൺ തൊഗാഡിയ കൂട്ടിച്ചേർത്തു.

“മെഹബൂബയോടുള്ള ബിജെപിയുടെ നിലപാട് എന്താണെന്ന് ഞങ്ങൾക്കറിയണം. അവരെ താഴെയിറക്കി താഴ്വരയുടെ നിയന്ത്രണം സൈന്യത്തിന് നൽകുകയാണ് വേണ്ടത്. ബുള്ളറ്റും ബോംബുകളും ഉപയോഗിക്കാൻ സൈന്യത്തിന് പൂർണ്ണ നിയന്ത്രണം നൽകണം”, തൊഗാഡിയ കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook