ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്നാഗിലുണ്ടായ ഭീകരാക്രമണത്തില്‍ ഏഴ് അമര്‍നാഥ് തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടു. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിന് നേരെയാണ് ഭീകരര്‍ ആക്രമണം നടത്തിയത്. ബന്ദിഗൂ പ്രദേശത്ത് പൊലീസിന് നേരെയും ഭീകരര്‍ ആക്രമണം നടത്തി.

ഉത്തര്‍പ്രദേശ് സ്വദേശിയായ ലഷ്കര്‍ ഭീകരനെ കശ്മീരില്‍ നിന്നും അറസ്റ്റ് ചെയ്തതിന് മണിക്കൂറുകള്‍ക്കകമാണ് ഭീകരാക്രമണം ഉണ്ടായത്. സന്ദീപ് കുമാര്‍ ശര്‍മ്മ എന്നയാളെയാണ് കശ്മീര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ആക്രമണത്തെ അപലപിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുളള രംഗത്തെത്തി. വളരെ ദുഖകരമായ വാര്‍ത്തയാണിതെന്നും മരിച്ചവരുടേയും പരുക്കേറ്റവരുടേയും കുടുംബത്തിന്റെ ദുഖത്തിനൊക്കം പങ്കു ചേരുന്നതായും അദ്ദേഹം വ്യക്തമാക്കി. സുരക്ഷാ സേനയുടെ മുന്നേറ്റം ഭയന്ന് നടന്ന ആക്രമണം ആണിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ട് ഒരു വര്‍ഷം തികഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ വന്ന കര്‍ഫ്യൂ കാരണം കശ്മീരില്‍ നിന്നുളള അമര്‍നാഥ് തീര്‍ത്ഥാടനം റദ്ദാക്കിയിരുന്നു. മൂന്ന് നഗരങ്ങളില്‍ മാത്രമായിരുന്നു കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നത്. ആക്രമണത്തിന് പിന്നാലെ സൈന്യം തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ