ന്യൂഡല്‍ഹി : അമര്‍നാഥ് തീര്‍ഥാടകര്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തിന്‍റെ പാശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി. ” അമര്‍നാഥ് യാത്രക്കാര്‍ക്ക് നേരെ ഭീകരാക്രമണം നടന്ന സംഭവം ഇന്ത്യയുടെ കനത്ത നയതന്ത്രപരാജയമാണ്. കശ്മീരില്‍ കൂടുതല്‍ ഭീകരവാദത്തിനു വഴിയൊരുക്കുന്നതാണ് മോദി സര്‍ക്കാരിന്‍റെ നയങ്ങളെല്ലാം.” രാഹുല്‍ഗാന്ധി പറഞ്ഞു.

ട്വിറ്ററില്‍ നടത്തിയ പ്രതികരണങ്ങളില്‍ മോദിക്കും ബിജെപിക്കുമെതിരെ നീണ്ടൊരു ആക്രമണപരമ്പര തന്നെയാണ് രാഹുല്‍ഗാന്ധി അഴിച്ചുവിട്ടത്. ” താത്കാലിക ലാഭങ്ങളാണ്” ബിജെപി നോട്ടമിടുന്നത് എന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി. അത്തരത്തില്‍ ഒന്നാണ് പിഡിപിയുമായ്‌ ബിജെപി ഉണ്ടാക്കിയ ധാരണ എന്നാരോപിച്ചു. അത് ഇന്ത്യയെ “സാരമായ് ബാധിച്ചു” എന്നും കോണ്‍ഗ്രസ് പ്രസിഡന്റ് ആരോപിച്ചു.

“വ്യക്തിപരമായ ലാഭങ്ങള്‍ മാത്രമാണ് മോദിയുടെ ലക്‌ഷ്യം” എന്ന് പറഞ്ഞ രാഹുല്‍ഗാന്ധി. മറ്റൊരു ട്വീറ്റില്‍ ” മോദിയുടെ വ്യക്തിപരമായ ലാഭം = ഇന്ത്യയുടെ നയതന്ത്രപരാജയം + നിരപരാധികളായ ഇന്ത്യക്കാരുടെ ജീവനാശം” ആണ് എന്നും പറയുന്നു.

തിങ്കളാഴ്ച, അമര്‍നാഥ് യാത്രക്കിടയില്‍ നടന്ന ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സുരക്ഷാവീഴ്ച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണം എന്നു പറഞ്ഞ രാഹുല്‍ഗാന്ധി. “ഇന്ത്യ ഇത്തരത്തില്‍ ഭീരുക്കളായ ഭീകരവാദികളെ ഭയപ്പെടില്ല” എന്നും പറഞ്ഞിരുന്നു.

” അമര്‍നാഥ് യാത്രക്കിടയില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ ഞാനും പങ്കുചേരുന്നു” എന്നും രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു.

അമര്‍നാഥ് തീര്‍ഥാടകര്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തില്‍ ഏഴുപേരാണ് മരണപ്പെട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook