അമൃത്‍സര്‍: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രപ്രധാനമുള്ള വിജയം നേടിയ ക്യാപ്ടൻ അമരീന്ദർ സിംഗിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ 16ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

തന്റെ സർക്കാർ ആരോടും പ്രതികാര മനോഭാവത്തോടെ പെരുമാറില്ലെന്നും പഞ്ചാബിലെ മയക്കുമരുന്ന് മാഫിയയെ അമർച്ച ചെയ്യുന്നതിനാണ് മുൻഗണനയെന്നും അദ്ദേഹം പ്രതികരിച്ചു. ശിരോമണി അകാലിദൾ സർക്കാരിലെ മന്ത്രിയും മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് ആരോപണവിധേയനുമായ ബിക്രം സിംഗിനെതിരെ നടപടി എടുക്കുമമോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അധികാരത്തിലെത്തി നാലു മാസത്തിനുള്ളിൽ തന്നെ മയക്കുമരുന്ന് മാഫിയയെ അമർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാകക്ഷി നേതാവായി അമരീന്ദറിനെ പാർലമെന്ററി പാർട്ടി യോഗം ഇന്ന് തിരഞ്ഞെടുത്തിരുന്നു. സർക്കാരുണ്ടാക്കുന്നതിനായി അവകാശവാദം ഉന്നയിച്ച് അമരീന്ദർ ഇന്ന് ഗവർണറെ കാണുകയും ചെയ്തു. രാജ്ഭവനിൽ വച്ചായിരിക്കും സത്യപ്രതിജ്ഞ നടക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ