ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സിപിഎം എംപി എ.എം.ആരിഫ്. സഭയില്‍ ഭൂരിപക്ഷമുണ്ടെന്ന് കരുതി എന്തും ആകാം എന്ന രീതി ശരിയല്ലെന്ന് എ.എം.ആരിഫ് എംപി ലോക്‌സഭയില്‍ പറഞ്ഞു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രത്യേക പദവി ചൂണ്ടിക്കാണിച്ചായിരുന്നു ആലപ്പുഴ എംപി പ്രസംഗിച്ചത്. ഭൂരിപക്ഷമുണ്ടെന്ന് കരുതി എന്തും ചെയ്യാം എന്ന നിലപാട് ഭരണഘടനാ വിരുദ്ധമാണെന്നും ആരിഫ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയില്‍ ശക്തമായ പ്രതിഷേധവുമായി ഇടതുപക്ഷം രംഗത്തുണ്ട്. രാജ്യത്തിന്റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യുപ്പെടുന്ന വിധത്തില്‍ ആര്‍എസ്എസ് അജണ്ടകള്‍ രാജ്യത്ത് നടപ്പിലാക്കാന്‍ തുടങ്ങിയതിന്റെ ഉദാഹരണമാണ് ജമ്മു കാശ്മീര്‍ വിഭജിക്കുവാനുള്ള തീരുമാനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം പറഞ്ഞു. കേന്ദ്രം, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതും ജമ്മു കശ്മീരിനെ വിഭജിക്കാന്‍ തീരുമാനിക്കുന്നതിലുമൂടെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യത്തേയും ഭരണഘടനയേയുമാണെന്നും അദ്ദേഹം പറഞ്ഞു.

Read Also: കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണോ? അധീറിന്റെ ‘സെല്‍ഫ് ഗോള്‍’, സോണിയക്കും രാഹുലിനും അതൃപ്തി

കേന്ദ്ര സർക്കാർ നടപടിക്കെതിരെ കേരളത്തിൽ ശക്തമായ പ്രതിഷേധമാണ് ഇടത് അനുകൂലികൾ നടത്തുന്നത്.ഡിവെെ‌എഫ്‌ഐയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പ്രതിഷേധ മാർച്ച് നടന്നു. കശ്മീര്‍ ഒരു തുടക്കം മാത്രമാണെന്നും മതേതരത്വം ഇല്ലാതാക്കുകയാണ് ആര്‍എസ്‌എസിന്റെ ലക്ഷ്യമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് ഡിവൈ‌എഫ്‌ഐയുടെ നേതൃത്വത്തില്‍ മലപ്പുറം തേഞ്ഞിപ്പാലം പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കശ്മീര്‍ തുടക്കം മാത്രമാണ്. ആര്‍എസ്എസിന്റെ ഹിറ്റ് ലിസ്റ്റില്‍ ഇനിയും നിരവധി കാര്യങ്ങളുണ്ട്. മതേതരത്വം ഇല്ലാതാക്കുകയാണ് വരുടെ ലക്ഷ്യം. ഇന്ത്യന്‍ ഭരണഘടനയെ അവര്‍ പിച്ചി ചീന്തും. കശ്മീരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ്. ഇന്ന് കശ്മീര്‍ ആണെങ്കില്‍ നാളെ അവര്‍ ഇന്ത്യയുടെ മതേതര ഭരണഘടനയെ അവര്‍ ചുട്ടെരിക്കും എന്ന തിരിച്ചറിവാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ കാരണം. കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ നല്‍കിയ ഉറപ്പായിരുന്നു. അത് കശ്മീരിന്റെ സമാധാനത്തിനു വേണ്ടിയായിരുന്നു. അതിനെതിരെയാണ് ഇപ്പോള്‍ ആര്‍എസ്‌എസ് രംഗത്തെത്തിയിരിക്കുന്നതെന്ന് എ.എ.റഹീം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook