ജയ്പൂർ: രാജസ്ഥാനിൽ നിന്ന് പശുക്കളെ വാങ്ങി ഹരിയാനയിലേക്ക് പോവുകയായിരുന്ന
പെഹ്ലു ഖാനെ ഗോ രക്ഷകർ തല്ലിക്കൊന്ന സംഭവത്തിൽ പ്രതികൾക്കൊപ്പം പൊലീസും. സംഭവത്തിൽ പെഹ്ലു ഖാന്റെ മരണമൊഴി കളവാണെന്നും പ്രതികളെന്ന് ആരോപിക്കപ്പെട്ടവർ നിരപരാധികളാണെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.

ഏപ്രിൽ ഒന്നിനാണ് രാജസ്ഥാനിലെ കന്നുകാലി ചന്തയിൽ നിന്ന് പശുക്കളെ വാങ്ങി ഹരിയാനയിലേക്ക് തിരിച്ച സംഘത്തെ അൽവാറിൽ വച്ച് ജനക്കൂട്ടം ആക്രമിച്ചത്. പശുക്കളെ അറവിന് കൊണ്ടുപോവുകയാണെന്ന് ആരോപിച്ചായിരുന്നു കിരാതമായ മർദ്ദനം ആൾക്കൂട്ടം അഴിച്ചുവിട്ടത്.

ഹരിയാനയിൽ ക്ഷീരകർഷകനായ പെഹ്ലു ഖാൻ മർദ്ദനമേറ്റുണ്ടായ ഗുരുതരമായ പരുക്കുകളോട് മല്ലടിച്ച് രണ്ടാം ദിവസമാണ് മരണത്തിന് കീഴടങ്ങിയത്. മരണത്തിന് മുൻപ് പെഹ്ലു ഖാൻ നൽകിയ മൊഴിയിൽ ഹുകും ചന്ദ്, നവിൻ ശർമ്മ, ജഗ്മൽ യാദവ്, ഓം പ്രകാശ്, സുധീർ, രാഹുൽ സൈനി എന്നിവരെയാണ് കുറ്റപ്പെടുത്തിയത്. ഇവർ ആറ് പേരും പെഹ്ലു ഖാന്റെ മരണത്തിന് ഉത്തരവാദികളല്ലെന്ന് രാജസ്ഥാൻ ക്രൈം ബ്രാഞ്ച് സിഐഡി സംഘം വിശദീകരിച്ചു.

ഈ ആറ് പ്രതികളെയും കണ്ടെത്തുന്നവർക്ക് പ്രഖ്യാപിച്ച 5000 രൂപ പാരിതോഷികം പിൻവലിച്ചതായും ആൽവാർ പൊലീസ് സൂപ്രണ്ട് പറഞ്ഞു. ക്രൈ ബ്രാഞ്ച് സിഐഡി സംഘത്തിന്റെ അന്വേഷണത്തിൽ പ്രതിസ്ഥാനത്തുള്ള ആറ് പേരും കുറ്റക്കാരല്ലെന്ന് കണ്ടെത്തിയതായി എസ്‌പി ഇന്ത്യൻ എക്സ്‌പ്രസിനോട് പറഞ്ഞു. ജൂലൈയിലാണ് ആൽവാർ പൊലീസിൽ നിന്ന് ക്രൈം ബ്രാഞ്ച് സംഘത്തിന് കേസ് കൈമാറിയത്.

ഗോശാല ജീവനക്കാരുടെയും പൊലീസുകാരുടെയും മൊഴികളും ആറ് പ്രതികളുടെയും ഫോൺ കോളുകളുടെ വിശദാംശങ്ങളും ചൂണ്ടിക്കാട്ടിയാണ് ഇവർ നിരപരാധികളാണെന്ന് ക്രൈം ബ്രാഞ്ച് സംഘം പൊലീസിനോട് വിശദീകരിച്ചിരിക്കുന്നത്.

എന്നാൽ ഈ പൊലീസ് നടപടി ചതിയാണെന്ന് പെഹ്ലു ഖാന്റെ മകൻ പ്രതികരിച്ചു. “ഇത് ചതിയാണ്. ഞങ്ങൾ ഈ ആറ് പേരുകളും കേട്ടിരുന്നു. കേസിൽ പുനരന്വേഷണത്തിന് ആവശ്യം ഉന്നയിക്കും”, ഇർഷാദ് തുടർന്ന് പറഞ്ഞു. സംഭവത്തിൽ മറ്റ് ഏഴ് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ അഞ്ച് പേർ ഇപ്പോൾ ജാമ്യത്തിലാണ്. ഇവർക്കെതിരായ കേസ് തുടരും.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ