ആല്‍വാര്‍: അമ്പത്തഞ്ചുകാരനായ പെഹ്ലു ഖാന്‍ ജൈസിംഗ്പൂര്‍ ഗ്രാമത്തിലെ വീട്ടില്‍ നിന്നും 240 കിലോമീറ്റര്‍ ദൂരം ജയ്പൂരിലേക് സഞ്ചരിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഇത് അയാളുടെ അവസാനത്തെ യാത്രയാണ് എന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.

ക്ഷീരകര്‍ഷകനായ പെഹ്ലു ഖാന്‍റെ ആഗ്രഹം റമദാനില്‍ കൂടുതല്‍ പാല്‍ ഉല്‍പാദിപ്പിക്കണം എന്നായിരുന്നു. അതിനായി നല്ലപോലെ പാലുചുരത്തുന്ന ഒരു എരുമയെ വാങ്ങുക എന്ന തീരുമാനത്തിലായിരുന്നു അദ്ദേഹം. പക്ഷെ ശനിയാഴ്ച്ച ജയ്പൂരില്‍ വെച്ചാണ്, ഒരു വില്‍പനക്കാരന്‍ അയാള്‍ക് ഒരു പശുവിനെ കാണിച്ച് കൊടുക്കുന്നത്. അയാളുടെ മുന്നില്‍ വച്ചുതന്നെ 12 ലിറ്റര്‍ പാല്‍ ചുരത്തി. എരുമയെ വാങ്ങുന്നതിന് പകരം പശുവിനെ വാങ്ങാം എന്ന് അയാള്‍ തീരുമാനിക്കുകയായിരുന്നു. ആ തീരുമാനത്തിന് വിലയായി അയാള്‍ കൊടുക്കേണ്ടി വന്നത് സ്വന്തം ജീവന്‍റെ തന്നെയാണ്.

” വളരെ മോശം തീരുമാനമായിരുന്നു അത്. ആ തീരുമാനം എടുത്തത് എന്റെ ബാപ്പയുടെ ജീവന്‍ തന്നെയാണ്. ” പെഹ്ലു ഖാന്‍റെ 24 കാരനായ മകന്‍ ഇര്‍ഷാദ് പറയുന്നു.
നാഷണല്‍ ഹൈവേ 8ലെ അല്‍വാറില്‍ വച്ച് ഗോരക്ഷകര്‍ പെഹ്ലു ഖാനെ ആക്രമിച്ച് കൊലപ്പെടുത്തുമ്പോള്‍ ഇരുപത്തിനാലുകാരനായ ഇര്‍ഷാദും സഹോദരന്‍ ആരിഫും കൂടെ ഉണ്ടായിരുന്നു.

” ഞങ്ങളുടെ ഗ്രാമത്തില്‍ നിന്ന് തന്നെയുള്ള അസ്മത്തിനോടൊപ്പം രാജസ്ഥാന്‍ നമ്പര്‍ പ്ലേറ്റ് ഉള്ള പിക്കപ്പ് ട്രക്കിലാണ് ബാപ്പ ഉണ്ടായിരുന്നത്. ആ ട്രക്കില്‍ രണ്ടു പശുകളും രണ്ടു കിടാക്കളും കൂടി ഉണ്ടായിരുന്നു. ഞാനും ഇര്‍ഷാദും മറ്റൊരു നാട്ടുകാരനും വേറൊരു ട്രക്കില്‍ മൂന്ന് പശുകളും മൂന്ന് കിടാങ്ങളുമായി പിന്നാലെയും” ഗോ രക്ഷകുകള്‍ തങ്ങളെ കയ്യില്‍ കിട്ടിയ വടിയും ബെല്‍റ്റ് എന്നിവയെല്ലാമായി അക്രമിച്ച സംഭവത്തെക്കുറിച്ച് ആരിഫ് പറയുകയാണ്‌.

പോലീസ് എത്തിയത് അര മണിക്കൂറിനു ശേഷമാണ്. അപ്പോഴേക്കും അവര്‍ക്ക് ബോധം നഷ്ടപ്പെട്ടിരുന്നു.

കശാപ്പിനായി അവര്‍ പശുക്കളെ നിയമവിരുദ്ധമായിരുന്നു കടത്തി എന്നായിരുന്നു ഗോ രക്ഷകരുടെ വാദം. അതേ വാദത്തില്‍ രാജസ്ഥാന്‍ പോലീസ് ഒരു എഫ് ഐ ആറും രേഖപ്പെടുത്തിയിട്ടുണ്ട്. ദാമോദര്‍ സിംഗ് എന്നയാളുടെ പരാതിയില്‍ രേഖപ്പെടുത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ഖാനിന്റെ കൈവശം ആവശ്യമായ രസീറ്റോ രേഖകളോ ഇല്ല എന്നാണു പറഞ്ഞിട്ടുള്ളത്‌.

എന്നാല്‍, തങ്ങള്‍ക്ക് പശുവിനെ വാങ്ങിയത്തിന്‍റെതായ രസീതും  ഉണ്ടായിരുന്നു എന്ന് പറഞ്ഞുകൊണ്ട് ഇര്‍ഷാദ് തന്‍റെപക്കലുള്ള രസീത് കാണിക്കുന്നു (ഏപ്രില്‍ 1, 2017. സീരിയല്‍ നമ്പര്‍ 89942). “പിന്നെയെങ്ങനെയാണ് ഞങ്ങളുടെ പക്കല്‍ പശുവിനെ വാങ്ങിയ രസീത് ഇല്ല എന്ന് പറഞ്ഞു എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തത് ? എനിക്കറിയില്ല. നാല്‍പത്തിയയ്യായിരം രൂപ കൊടുത്താണ് ഞാന്‍ പശുവിനെ വാങ്ങിയത്. ” ഇര്‍ഷാദ് പറയുന്നു.

അഞ്ചു ക്ഷീര കര്‍ഷകരായിരുന്നു ആക്രമിക്കപ്പെട്ടത്. അവര്‍ അഞ്ചുപേരുടേയും പണവും ഫോണുകളും ഗോ രക്ഷകര്‍ അപഹരിക്കുകയും ചെയ്തിരുന്നു. തന്‍റെ പക്കല്‍ 75,000 രൂപയും ഉണ്ടായിരുന്നു. മറ്റൊരാളുടെ പക്കല്‍ 35,000 രൂപയും എന്ന് ഇര്‍ഷാദ് പറയുന്നു.

ജൈസിംഗ്പൂരില്‍ മിക്കവാറും പേര്‍ കര്‍ഷകര്‍ ആണ്. പത്തോളം പേരാണ് ക്ഷീരകര്‍ഷകര്‍. അതിലൊന്നാണ് പെഹ്ലു ഖാന്‍. പെഹ്ലു ഖാന്‍ വധിക്കപ്പെട്ട അന്നേ ദിവസം അവരില്‍ മറ്റു നാലുപേരും കാലികളെ വാങ്ങാനായി ജയ്പൂരിലേക്ക് പോയിരുന്നു. അങ്ങനെ പോയവരില്‍ ഏറ്റവും വലിയ ക്ഷീരകര്‍ഷകന്‍ സാകിര്‍ ഖാന്‍ ആണ്.

പെഹ്ലു ഖാന്‍ ആക്രമിക്കപ്പെട്ടതിനു ഏതാണ്ട് 45 മിനുട്ടിനു ശേഷം സംഭവസ്ഥലത്തേക്ക് ഒരു പശുവിനെയും, ഒരു കിടാവിനേയും ഒരു പോത്തിനേയും നിറച്ച ട്രക്കുമായി താന്‍ എത്തി എന്ന് സകീര്‍ ഖാന്‍ സമ്മതിക്കുന്നു. “ഞാന്‍ സംഭവ സ്ഥലത്ത് എത്തിപ്പെടുമ്പോള്‍ അവിടെ പോലീസുകാരും വേറെ ഇരുന്നൂറോളം പേരും കൂടിയിരിക്കുന്നത് കണ്ടു. പെഹ്ലുഖാന്‍റെ വാഹനവും ഞാന്‍ കണ്ടു. പെഹ്ലു ഖാന്‍ ആക്രമിക്കപ്പെട്ടു എന്ന് മനസിലാക്കിയ ഞാന്‍ ഉടന്‍ തന്നെ രക്ഷപ്പെടുകയായിരുന്നു ” സകീര്‍ പറയുന്നു.

നാട്ടിലെ ചെറിയ ക്ഷീരകര്‍ഷകരില്‍ നിന്നും പാല്‍ സംഭരിക്കുന്ന സക്കീർ, പെഹ്ലുവും തനിക്ക് പാല്‍ തന്നിരുന്നു എന്ന് ഉറപ്പിച്ചുപറയുന്നു. കഴിഞ്ഞ നാല് വര്‍ഷമായി ഇര്‍ഷാദ് തനിക്ക് പാല്‍ വിതരണം ചെയ്തിരുന്നു എന്ന് തെളിയിക്കുന്ന രേഖകള്‍ സക്കീർ ഞങ്ങള്‍ക്കു കാണിച്ചു തന്നു.

” ജയ്പൂരില്‍ നിന്നും കാലികളെ വാങ്ങുമ്പോള്‍ ഞങ്ങള്‍ക്ക് ഇരുപത്തിനായിരത്തോളം രൂപയുടെ വ്യത്യാസം ലഭിക്കുന്നുണ്ട്. അതും തെളിയിക്കുന്ന രേഖകള്‍ സകീര്‍ ഞങ്ങള്‍ക്കു മുന്നില്‍ നിരത്തി. “കഴിഞ്ഞവര്ഷം ഞാന്‍ ഒരു പശുവിനെ വാങ്ങിയിരുന്നു” സക്കീർ പറഞ്ഞു.

അതേസമയം, ഇതെഴുതുമ്പോഴും ആൽവാറിൽ കര്‍ഷകര്‍ക്ക് നേരെ ആക്രമം അഴിച്ചുവിട്ട ആറു പേരും ഇപ്പോള്‍ സ്വതന്ത്രമായി വിഹാരിക്കുകയാണ്. ഹുകും ചന്ദ്, ജഗ്മല്‍, ഓം പ്രകാശ്, സുധീര്‍, രാഹുല്‍ സൈനി, നവീന്‍ സൈനി എന്നിവരാണത്. എഫ് ഐ ആര്‍ പ്രകാരം “ബെഹ്രോര്‍ വഴി പശുവുമായി കടന്നുപോവുന്ന ആരെയും കൈകാര്യം ചെയ്യും” എന്ന് പെഹ്ലു ഖാനെ അവര്‍ ഭീഷണിപ്പെടുത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook