ന്യൂഡല്‍ഹി: ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ അറസ്റ്റില്‍. ഡല്‍ഹി പൊലീസിന്റെ ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് ഓപ്പറേഷന്‍സ് (ഐഎഫ്എസ്ഒ) വിഭാഗമാണ് അറസ്റ്റ് ചെയ്തത്. സുബൈർ മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ ഇടപെടല്‍ നടത്തിയെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിൽ ഡൽഹി പോലീസിനെ ടാഗ് ചെയ്ത ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐപിസി സെക്ഷൻ 153- എ (വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളർത്തൽ), 295 എ (മതവികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള പ്രവൃത്തികൾ) എന്നിവ പ്രകാരം ഈ മാസം ആദ്യമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
“സ്പെഷ്യല്‍ സെല്‍ പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത ഒരു കേസിന്റെ അന്വേഷണം മുഹമ്മദ് സുബൈറിലേക്ക് എത്തുകയായിരുന്നു. മതിയായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തിനായി കൂടുതല്‍ സമയം പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും,” ഐഎഫ്എസ്ഒ ഡിസിപി കെപിഎസ് മല്‍ഹോത്ര പറഞ്ഞു.
സുബൈറിന്റെ അറസ്റ്റിന് പിന്നാലെ ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകനായ പ്രതീക് സിന്‍ഹ പൊലീസ് നടപടിക്കെതിരെ പ്രതികരിച്ചു. “അറസ്റ്റില്‍ നിന്ന് ഹൈക്കോടതി സംരക്ഷണം നല്‍കിയിട്ടുള്ള ഒരു കേസിന്റെ അന്വേഷണത്തിനായാണ് ഡല്‍ഹി പൊലീസിന്റെ പ്രത്യേക വിഭാഗം സുബൈറിനെ വിളിപ്പിച്ചത്. വൈകുന്നേരം 6.45 ഓടെ മറ്റൊരു കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതായി ഞങ്ങളെ അറിയിച്ചു. ഒരു അറിയിപ്പും നല്‍കാതെയായിരുന്നു അറസ്റ്റ്. എഫ്ഐആറിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല,” പ്രതീക് വ്യക്തമാക്കി.
“വൈദ്യപരിശോധനയ്ക്ക് ശേഷം സുബൈറിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. സുബൈറിനോടൊ അദ്ദേഹത്തിന്റെ അഭിഭാഷകനോടോ എന്നൊടോ എവിടെയാണെന്ന് പറഞ്ഞിട്ടില്ല. സുബൈറിനോടൊപ്പം പൊലീസ് വാനില്‍ ഞങ്ങളും ഉണ്ടായിരുന്നു. പൊലീസ് ഉദ്യോഗസ്ഥന്മാര്‍ക്ക് നെയിം ടാഗ് ഇല്ലായിരുന്നു,” പ്രതീക് ട്വീറ്റ് ചെയ്തു.
Also Read: രാജസ്ഥാന് 1.68 ലക്ഷം കോടി രൂപയുടെ ഏറ്റവും വലിയ നിക്ഷേപ വാഗ്ദാനം നൽകി അദാനിയും അംബാനിയും