ന്യൂഡല്‍ഹി: 2020ലെ ട്വീറ്റുമായി ബന്ധപ്പെട്ട് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ ക്രിമിനല്‍ കുറ്റമൊന്നും കണ്ടെത്തിയിട്ടില്ലെന്നു ഡല്‍ഹി പൊലീസ് ഹൈക്കോടതിയില്‍. തനിക്കെതിരെ എഫ് ഐ ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് സുബൈര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു പൊലീസ് നിലപാടറിയിച്ചത്.
സുബൈറിനെതിരെ ഒരു ക്രിമിനല്‍ കുറ്റവും കണ്ടെത്തിയിട്ടില്ലെന്നും അതിനാല്‍ അദ്ദേഹത്തിന്റെ പേര് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഡല്‍ഹി പൊലീസിനു വേണ്ടി ഹാജരായ അഭിഭാഷകനന്ദിത റാവു ജസ്റ്റിസ് അനുപ് ജയറാം ഭംബാനിയുടെ ഡല്‍ഹി ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ അറിയിക്കുകയായിരുന്നു.
തുടര്‍നടപടികള്‍ക്കു മുമ്പ് കുറ്റപത്രം സമര്‍പ്പിക്കാന്‍ ഹൈക്കോടതി പൊലീസിനു നിര്‍ദേശം നല്‍കി. വിഷയം മാര്‍ച്ച് രണ്ടിനു വീണ്ടും പരിഗണിക്കും.
‘ട്വിറ്റര്‍ വഴി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു’ എന്നാരോപിച്ച് നാഷണല്‍ കമ്മിഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സി(എന്‍ സി പി സി ആര്‍)ന്റെ പരാതിയില്‍ പോക്‌സോ വകുപ്പുകള്‍ പ്രകാരമാണു മുഹമ്മദ് സുബൈറിനെതിരെ ഡല്‍ഹി പൊലീസ് സൈബര്‍ സെല്‍ കേസെടുത്തത്.
2020 ഓഗസ്റ്റ് ആറിനു മുഹമ്മദ് സുബൈര്‍ പങ്കിട്ട ഒരു ട്വീറ്റാണു എന്‍ സി പി സി ആര്‍ പരാതിയില്‍ പരാമര്‍ശിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മുഖം മങ്ങിയ ഫൊട്ടോ ഉള്‍പ്പെട്ടതായിരുന്നു ഈ ട്വീറ്റ്. പെണ്‍കുട്ടിയുടെ ബന്ധുവായ ട്വിറ്റര്‍ ഉപയോക്താവുമായി അദ്ദേഹം നടത്തിയ ഓണ്‍ലൈന്‍ വഴക്കിനിടെയായിരുന്നു ഈ സംഭവം.
എഫ് ഐ ആര്‍ റദ്ദാക്കണമെന്നും പരാതിക്കാരനായ എന്‍ സി പി സി ആര്‍ ചെയര്‍പേഴ്സണ്‍ പ്രിയങ്ക് കനൂംഗോയ്ക്കെതിരെയും ട്വിറ്ററില്‍ പ്രതികരിച്ച ഉപയോക്താവിനെതിരെയും നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണു മുഹമ്മദ് സുബൈര്‍ ഹൈക്കോടതിയെ സമീപിച്ചത്.
സുബൈറിന്റെ ട്വീറ്റ് കുറ്റകരമല്ലെന്നു വ്യക്തമാക്കി ഡല്‍ഹി പൊലീസ് 2022 മേയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍, പൊലീസിന്റെ നിലപാട് ‘തെറ്റാണെന്നും ഒഴുക്കന്‍ മനോഭാവത്തെയാണ് ഇതു സൂചിപ്പിക്കുന്നതെന്നും എന്‍ സി പി സി ആര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആരോപിച്ചു.
”ട്വിറ്റര്‍ ഉപയോക്താവ് പിക്സലേറ്റ് ചെയ്ത മുഖമുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി നില്‍ക്കുന്ന ചിത്രം പങ്കുവയ്ക്കുകയും ഉപയോക്താവിന്റെ മോശവും ലജ്ജാകരവും അധിക്ഷേപകരവുമായ പെരുമാറ്റത്തെക്കുറിച്ച് പറയുകയും മാത്രമാണു ചെയ്തത്,” സുബൈറിന്റെ ഹര്‍ജിയില്‍ പറയുന്നു. സുബൈറിനെതിരെ നിര്‍ബന്ധിത നടപടിയെടുക്കുന്നതില്‍നിന്ന് ഡല്‍ഹി പൊലീസിനെ 2020 സെപ്റ്റംബറില്‍ ഹൈക്കോടതി വിലക്കിയിരുന്നു.