തിരുവനന്തപുരം: ഓഖി ദുരന്ത പ്രദേശത്ത് സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം നിന്ന കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ മാറ്റി നിര്‍ത്തി സുരക്ഷാ ജീവനക്കാര്‍. മോദിയുടെ വലത് വശത്തായി നിന്ന അല്‍ഫോണ്‍സ് കണ്ണന്താനം ക്യാമറ മറച്ചതോടെയാണ് പ്രധാനമന്ത്രിയുടെ സുരക്ഷാ ജീവനക്കാര്‍ അദ്ദേഹത്തെ പിടിച്ച് മാറ്റിയത്.

പൂന്തുറയില്‍ മോദി ജനങ്ങളോട് ബാരിക്കെയ്ഡിന്റെ ഇപ്പുറത്ത് നിന്ന് സംസാരിക്കുന്നതിനിടെ മോദിക്കൊപ്പം കണ്ണന്താനവുമുണ്ടായിരുന്നു. മോദിക്ക് ജനങ്ങള്‍ പറയുന്നത് തര്‍ജ്ജമ ചെയ്ത് നല്‍കുകയായിരുന്നു കണ്ണന്താനം. ആദ്യം മന്ത്രിയോട് നീങ്ങി നില്‍ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കണ്ണന്താനം അവിടെ തന്നെ തുടര്‍ന്നു. തുടര്‍ന്ന് രണ്ടാമതും ഇടപെട്ട സുരക്ഷാ ജീവനക്കാരന്‍ കണ്ണന്താനത്തിന്റെ കൈപിടിച്ച് മോദിയുടെ ഇടത് വശത്തേക്ക് നീക്കി നിര്‍ത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

വീഡിയോ കടപ്പാട്: ന്യൂസ് 18 കേരള

പ്രധാനമന്ത്രിക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും ഗവർണറും മറ്റും മന്ത്രിമാരും എംഎൽഎമാരും ബിജെപി നേതാക്കളും പൂന്തുറയിലെത്തിയിരുന്നു. തിരുവനന്തപുരത്തെ വിവിധ ദുരന്തബാധിത പ്രദേശങ്ങളിൽനിന്നെത്തിയ മൽസ്യത്തൊഴിലാളികളെ പൂന്തുറ കമ്മ്യൂണി ഹാളിൽ വച്ച് പ്രധാനമന്ത്രി കണ്ടു. ദുരന്തബാധിതരുടെ പരാതികൾ പ്രധാനമന്ത്രി കേട്ടു.

രാജ്യം മുഴുവനും കേന്ദ്ര സർക്കാരും തീരദേശവാസികൾക്കൊപ്പമുണ്ടെന്നാണ് പ്രദേശം സന്ദര്‍ശിച്ച ശേഷം അദ്ദേഹം പ്രതികരിച്ചത്. ‘കാണാതായ മൽസ്യത്തൊഴിലാളികൾക്കായുളള തിരച്ചിൽ തുടരും. അവരെ കണ്ടെത്താനുളള എല്ലാ സഹായവും കേന്ദ്രസർക്കാർ ചെയ്യും. ദുരന്തബാധിതർക്ക് ആവശ്യമായ എന്തു സഹായവും സർക്കാർ ചെയ്യും. ദുരന്തബാധിതർക്ക് ഒപ്പമുണ്ടാകുമെന്ന ഉറപ്പു നൽകാനാണ് താൻ ഇവിടെ വന്നതെന്നും മോദി പറഞ്ഞു.
ലക്ഷദ്വീപും കന്യാകുമാരിയലും സന്ദർശനം നടത്തിയ ശേഷമാണ് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തിയത്.

രാവിലെ മംഗലാപുരം വിമാനത്താവളത്തിൽ നിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി ലക്ഷദ്വീപിലേക്ക് എത്തിയത്. ദുരന്തം ഉണ്ടായി 20 ദിവസത്തിന് ശേഷമാണ് പ്രധാനമന്ത്രി ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചത്.കവരത്തി ദ്വീപിൽ സന്ദർശനം നടത്തിയ നരേന്ദ്രമോദി ഉന്നത ഉദ്യോഗസ്ഥരുമായി കൂടികാഴ്ച നടത്തി. ലക്ഷദ്വീപ് അഡ്മിനിട്രേറ്റർ ഫറൂഖ് ഖാൻ ഐഎഎസ് ദ്വീപിൽ ഉണ്ടായ നാശനഷ്ടങ്ങളെപ്പറ്റി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. 500 കോടി രൂപയുടെ നാശനഷ്ടങ്ങൾ ദ്വീപിൽ ഉണ്ടായതായി ലക്ഷദ്വീപ് എംപി ഫൈസൽ പ്രധാനമന്ത്രിയോട് പറഞ്ഞു. ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും ലക്ഷദ്വീപിലെ ജനപ്രതിനിധികൾ മോദിയോട് ആവശ്യപ്പെട്ടു. ആവശ്യങ്ങൾ അനുഭാവ പൂർവ്വം പരിഹരിക്കാമെന്ന് പ്രധാനമന്ത്രി മറുപടി നൽകി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ