വടക്കുകിഴക്കന്‍ സംസ്ഥാനമായ മേഘാലയയില്‍ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം പ്രചരണം നടത്തിയത്. ഷില്ലോങ്–നോങ്സ്റ്റോയ്ൻ–രോങ്ജെങ്–ടോറ റോഡിന്റെ ഉദ്ഘാടനത്തിനായി സംസ്ഥാനത്തെത്തിയ മോദി അടിസ്ഥാന സൗകര്യങ്ങളൊരുക്കുക എന്നതാണ് വികസനത്തിന്റെ മന്ത്രമെന്നും പറഞ്ഞു. 2015 മുതല്‍ രാജ്യത്ത് ബീഫ് കൈവശം വെച്ചുവെന്ന് ആരോപിച്ച് ഗോരക്ഷാ അക്രമങ്ങളും കൊലപാതകങ്ങളും വര്‍ധിച്ചതോടെ ജനങ്ങള്‍ വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ ജാഗരൂകരായിട്ടുണ്ട്. അത്കൊണ്ട് തന്നെയാണ് വികസന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുളള ബിജെപിയുടെ പ്രചരണം.

ന്യൂനപക്ഷങ്ങള്‍ക്കെതിരായ അനിഷ്ടസംഭവങ്ങള്‍ വര്‍ധിച്ചതോടെ ബിജെപിക്ക് എതിരായ നിശബ്ദ ക്യാംപെയിന്‍ സംസ്ഥാനത്ത് ശക്തമാവുകയും മേഘാലയിലെ കൃസ്ത്യന്‍ പളളികളുടെ നിലപാട് ഏറെ നിര്‍ണായകമായി തീരുകയും ചെയ്തു. ബിജെപിക്കെതിരെ അടിക്കടി ഉയരുന്ന ആരോപണങ്ങളെ പ്രതിരോധിക്കാന്‍ ശക്തനും വിശ്വസനീയനുമായ ഒരു നേതാവ് സംസ്ഥാനത്ത് ഇല്ല എന്നത് പാര്‍ട്ടിക്ക് തിരിച്ചടിയായി.

തുടര്‍ന്നാണ് കേരളത്തില്‍ നിന്നുളള ബിജെപിയുടെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ കൃസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനമായ മേഘാലയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ബിജെപി കണ്ടെത്തുന്നത്. ചെറുപ്പത്തില്‍ മേഘാലയിലെ സെമിനാരിയിലാണ് കണ്ണന്താനം പഠിച്ചിരുന്നത്. പിന്നീടാണ് അദ്ദേഹം സിവില്‍ സര്‍വ്വീസില്‍ ചേര്‍ന്നത്.

കഴിഞ്ഞ ദിവസം ഷില്ലോംങ് റാലിയില്‍ അല്‍ഫോണ്‍സ് കണ്ണന്താനം പ്രസംഗത്തിലുടനീളം ബിജെപി കൃസ്ത്യന്‍ വിരുദ്ധ പാര്‍ട്ടി അല്ലെന്ന് സ്ഥാപിക്കാനും ശ്രമം നടത്തുകയായിരുന്നു. ‘ഞാനൊരു കൃസ്ത്യന്‍ വിശ്വാസിയാണ്, എന്റെ ഭാര്യയും കൃസ്ത്യനാണ്. യാതൊരു പ്രശ്നവും ഇല്ലാതെ ഞങ്ങള്‍ ഇരുവരും ബിജെപിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബിജെപി കൃസ്ത്യന്‍ വിരുദ്ധ പാര്‍ട്ടിയാണെന്ന് പറയുന്നത് തെറ്റായ കാര്യമാണ്’, കണ്ണന്താനം പറഞ്ഞു.

അതേസമയം രാജ്യത്ത് മറ്റിടങ്ങളിലുളള കൃസ്ത്യന്‍ സമൂഹം ന്യൂനപക്ഷക്കാരാണെന്നും വര്‍ഗീയ രാഷ്ട്രീയത്തിന്റെ ഇരകളായി ഇവര്‍ മാറുകയും ചെയ്യുന്നു എന്നതാണ് വസ്തുത. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ നാഗാലാന്റ്, മിസോറാം, മേഘാലയ എന്നിവ കൃസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനങ്ങളാണ്. 1960കളില്‍ അരുണാചല്‍ പ്രദേശില്‍ ഫ്രീഡം ഓഫ് റിലീജിയന്‍ ബില്‍ പാസാക്കാന്‍ നീക്കം നടന്നിരുന്നു. കൃസ്തുമതത്തിലേക്ക് ജനങ്ങള്‍ മതംമാറുന്നത് തടയാന്‍ വേണ്ടിയായിരുന്നു ബില്‍. എന്നാല്‍ ആദിവാസി കൃസ്ത്യന്‍ സമൂഹം ഇതിനെതിരെ രംഗത്ത് വന്നതോടെ അധികാരികള്‍ മുട്ടുമടക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ