അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പരസ്യപ്രചാരണങ്ങളിലും ബിജെപിയും കോണ്‍ഗ്രസും തമ്മിലുളള വാക്പോരാട്ടം തുടരുകയാണ്. പിന്നോക്കവിഭാഗ നേതാവും കോണ്‍ഗ്രസിലെ പുത്തന്‍ സാന്നിധ്യവുമായ അല്‍പേഷ് താക്കൂറാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. മോദിയുടെ തൊലിവെളുപ്പിന്റെ രഹസ്യം വെളിപ്പെടുത്തിയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

തായ്വാനില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഒന്നിന് 80,000 രൂപ വില വരുന്ന കൂണ്‍ ആണ് മോദിയുടെ സൗന്ദര്യ രഹസ്യമെന്ന് അദ്ദേഹം ആരോപിച്ചു. രദന്‍പൂരില്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരത്തില്‍ അഞ്ച് മഷ്റൂമുകളാണ് മോദി ഒരു ദിവസം കഴിക്കുന്നതെന്നും അല്‍പേഷ് പറഞ്ഞു. നിറഞ്ഞ കൈയ്യടിയോടെയാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ ജനങ്ങള്‍ സ്വീകരിച്ചത്.

‘തായ്വാനില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന കൂണുകളാണ് മോദിജി കഴിക്കുന്നത്. ഒരു കൂണിന് 80,000 രൂപ വില വരുന്ന 5 കൂണുകളാണ് അദ്ദേഹം ഒരു ദിവസം കഴിക്കാറുളളത്. എന്നെ പോലെ ഇരുണ്ട നിറം ആയിരുന്നു അദ്ദേഹത്തിന്. ഇറക്കുമതി ചെയ്ത കൂണ്‍ കഴിച്ചാണ് അദ്ദേഹം നിറംവച്ചത്’, അല്‍പേഷ് താക്കൂര്‍ ആരോപിച്ചു.
മോദി കഴിക്കുന്ന ഭക്ഷണത്തിന്റെ ചെലവ് താങ്ങാന്‍ പാവപ്പെട്ടവന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘പ്രധാനമന്ത്രി കഴിക്കുന്ന ഭക്ഷണം താങ്ങാന്‍ പാവപ്പെട്ട നിങ്ങള്‍ക്ക് കഴിയില്ല. ഗുജറാത്ത് മുഖ്യമന്ത്രി ആയത് മുതല്‍ അദ്ദേഹം ഈ കൂണുകളാണ് കഴിക്കുന്നത്. മുമ്പത്തെ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പരിശോധിച്ചാല്‍ ഇത് തിരിച്ചറിയാം’, താക്കൂര്‍ പറഞ്ഞു. മോദി 4 ലക്ഷം രൂപ വിലയുളള ഭക്ഷണമാണ് കഴിക്കുന്നതെങ്കില്‍ അദ്ദേഹത്തിന്റെ അനുയായികള്‍ വളരെയേറെ പണം ചെലവഴിക്കുന്നവരായിരിക്കും, താക്കൂര്‍ കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ