അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ പ്രതീക്ഷകളായ പിന്നോക്ക വിഭാഗ നേതാവ് അല്‍പേഷ് താക്കൂറും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച ദലിത് നേതാവ് ജിഗ്‌നേഷ് മേവാനിക്കും തിളക്കമാര്‍ന്ന വിജയം. ഗുജറാത്തിലെ വഡ്ഗാ മണ്ഡലത്തില്‍ നിന്ന് 18150 വോട്ടുകള്‍ക്കാണ് മേവാനി വിജയിച്ചത്. ഗോവധം ആരോപിച്ച് ദലിത് യുവാക്കള്‍ മര്‍ദനത്തിനിരയായ ഗുജറാത്തിലെ ഉന ഗ്രാമത്തിലെ ദലിത് മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സാമൂഹ്യ പ്രവര്‍ത്തകനും അഭിഭാഷകനുമാണ് ജിഗ്‌നേഷ് മേവാനി.

രധന്‍പൂരിലാണ് അല്‍പേഷ് താക്കൂര്‍ വിജയിച്ചത്. ഇതിനിടെ ഇതുവരെയുള്ള ഫല വിവരങ്ങൾ അനുസരിച്ച് ബിജെപി ഭരണം ഉറപ്പിച്ചിട്ടുണ്ട്. 108 സീറ്റുകളിലാണ് ബിജെപി മുന്നിട്ടു നിൽക്കുന്നത്. കേവല ഭൂരിപക്ഷത്തിലേക്ക് ലീഡ് നില എത്തിയെങ്കിലും ഗുജറാത്തില്‍ ബിജെപിക്ക് കനത്ത വെല്ലുവിളിയാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. ഇതിന് കോണ്‍ഗ്രസിനെ സഹായിച്ചത് പട്ടീദാര്‍ സമുദായത്തിന്റെ ഉറച്ച പിന്തുണയാണ്. പട്ടീദാര്‍ സമുദായത്തിന് ശക്തമായ സ്വാധീനമുള്ള സൗരാഷ്ട്ര, കച്ച് മേഖലയിലാണ് ബിജെപിക്ക് ആഘാതമേല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ