ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്റെ ആദ്യ വാര്‍ഷികം അടുത്തിട്ടും തിരികെ എത്തിയ അസാധുവായ 500, 1000 നോട്ടുകള്‍ എണ്ണി തികഞ്ഞിട്ടില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). നവീനമായ ഒരു കറന്‍സി പരിശോധന സംവിധാനം വഴി ഇപ്പോഴും ആത്മാര്‍ത്ഥമായ ശ്രമം നടത്തുകയാണെന്നും ആര്‍ബിഐ വ്യക്തമാക്കി.

വിവരാവകാശ നിയമപ്രകാരമുളള ചോദ്യത്തിനാണ് കേന്ദ്ര ബാങ്കിന്റെ മറുപടി. ഇതുവരെയും 5.67 ലക്ഷം കോടി രൂപ മൂല്യമുളള 500ന്റെ കറന്‍സികളും, 5.24 ലക്ഷം കോടി രൂപ മൂല്യമുളള 2000 രൂപ നോട്ടുകളുമാണ് ഇതുവരെയും എണ്ണിക്കഴിഞ്ഞത്. എന്നാല്‍ എപ്പോഴാണ് നോട്ടുകള്‍ എണ്ണിത്തീരുക എന്ന് ആര്‍ബിആഐ വ്യക്തമാക്കിയിട്ടില്ല.

500, 1000 നോട്ടുകൾ അസാധുവാക്കിയതിന് ശേഷം എത്ര പണം തിരിച്ചു വന്നു എന്നതിന്റെ കണക്കെടുപ്പ് തുടരുകയാണെന്ന് ഊർജിത് പട്ടേൽ നേരത്തേ പറഞ്ഞിരുന്നു. “നോട്ട് നിരോധനത്തിന് ശേഷം കിട്ടിയ പണം ഉദ്യോഗസ്ഥര്‍ ഇപ്പോഴും കണക്കെടുക്കുകയാണ്. ഞായാറാഴ്ച്ച ഒഴികെയുളള എല്ലാ ദിവസവും ജീവനക്കാര്‍ പണം എണ്ണുന്നുണ്ട്. നേപ്പാളില്‍ നിന്നും സഹകരണ ബാങ്കുകളില്‍ നിന്നും ഇപ്പോഴും നോട്ടുകള്‍ ലഭിക്കുന്നതായും അദ്ദേഹം പറഞ്ഞു.

“ചട്ടങ്ങൾ പാലിച്ചാണ് നോട്ട് അസാധുവാക്കൽ നടപ്പാക്കിയത്. പോസ്റ്റ് ഓഫീസികള്‍ അസാധു നോട്ടുകള്‍ ഇപ്പോഴും റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാത്തതും നോട്ട് എണ്ണലിനെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ