ന്യൂഡല്‍ഹി: യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘം കശ്മീര്‍ സന്ദര്‍ശിക്കുന്നതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്.ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ക്ക് അനുമതി നല്‍ക്കാതെ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ക്ക് സന്ദര്‍ശനത്തിന് അനുമതി നല്‍കുന്നത് ഇന്ത്യന്‍ പാര്‍ലമെന്റിനും ജനാധിപത്യത്തിനും കടുത്ത അപമാനമെന്നാണ് ജയറാം രമേശ് പ്രതികരിച്ചത്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം എന്തുകൊണ്ടാണ് ഇന്ത്യയിലെ എംപിമാരേയും ജനപ്രതിനിധികളേയും കശ്മീര്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും വിലക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
നേരത്തെ യൂറോപ്യന്‍ യൂണിയന്റെ 25 അംഗ പ്രതിനിധി സംഘം പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ദേശീയ സുരക്ഷാ ഉപദേശകന്‍ അജിത് ഡോവലിനേയും കണ്ടിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ഇതാദ്യമായാണ് ഒരു രാജ്യാന്തര പ്രതിനിധി സംഘം ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുന്നത്. കൂടിക്കാഴ്ചയില്‍ മേഖലയിലെ നിലവിലെ സാഹചര്യത്തെ കുറിച്ചും അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണത്തെ കുറിച്ചും വിശദീകരിച്ചു നല്‍കിയിട്ടുണ്ട്.
When Indian political leaders have been prevented from meeting the people of J&K, what possessed the great chest-beating champion of nationalism to allow European politicians to visit J&K. This is an outright insult to India's own Parliament and our democracy! https://t.co/D48dnctRqE
— Jairam Ramesh (@Jairam_Ramesh) October 28, 2019
”ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളെ ജമ്മു കശ്മീരിലേക്ക് പ്രവേശിക്കുന്നത് തടയുമ്പോള്‍, എന്താണ് തീവദേശീയതയുടെ വക്താവിനെ യൂറോപ്പിലെ രാഷ്ട്രീയക്കാര്‍ സന്ദര്‍ശനത്തിന് അനുമതി നല്‍കാന്‍ പ്രേരിപ്പിച്ചത്? ഇന്ത്യയുടെ പാര്‍ലമെന്റിനും നമ്മുടെ ജനാധിപത്യത്തിനും ഇത് കടുത്ത അപമാനമാണ്” എന്നായിരുന്നു ജയറാം രമേശിന്റെ ട്വീറ്റ്.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രതിഷേധം അറിയിച്ച് രംഗത്തെത്തി. സുപ്രീം കോടതി അനുമതി നല്‍കിയതിന് ശേഷം മാത്രമാണ് എന്നെ ശ്രീനഗറിലേക്ക് പ്രവേശിക്കാന്‍ സമ്മതിച്ചത്. ഇന്നും ഇന്ത്യന്‍ എംപിമാര്‍ക്ക് അനുമതിയില്ല. അപ്പോഴാണ് മോദി യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളെ സ്വാഗതം ചെയ്യുന്നത് എന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം.