ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രാദേശിക ഭാഷകളുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിനായി, അധ്യാപനത്തിലും പഠനത്തിലും പ്രാദേശിക ഭാഷകള്‍ പ്രോത്സാഹിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) ചീഫ് എം ജഗദേഷ് കുമാർ എല്ലാ കേന്ദ്ര സർവകലാശാലകൾക്കും കത്തയച്ചു.
വിഷയങ്ങള്‍ ഇംഗ്ലീഷിൽ പഠിപ്പിച്ചാലും പ്രാദേശിക ഭാഷകളിൽ പരീക്ഷ എഴുതാൻ സർവകലാശാല അനുവദിക്കണമെന്നും കത്തിൽ നിര്‍ദേശമുണ്ട്.
“പ്രാദേശിക ഭാഷകളിൽ അധ്യാപനവും പഠനവും മൂല്യനിർണ്ണയവും നടത്തിക്കഴിഞ്ഞാൽ, വിദ്യാർത്ഥികളുടെ വിജയശതമാനം വര്‍ധിക്കുന്നതിലേക്ക് നയിക്കും. 2035-ഓടെ ഉന്നതവിദ്യാഭ്യാസത്തിൽ ജിഇആർ 27 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഉയർത്താനുള്ള ലക്ഷ്യം കൈവരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഇത് സഹായകരമാകും,” കത്തിൽ പറയുന്നു.
പ്രാദേശിക ഭാഷകളിൽ പഠിപ്പിക്കാൻ നിര്‍ദേശിച്ചിരിക്കുന്ന ചെയ്‌തിരിക്കുന്ന പുസ്തകങ്ങളുടെ പട്ടിക, പ്രാദേശിക ഭാഷകള്‍ മനസിലാക്കാനും പഠിപ്പിക്കാനും കഴിയുന്ന അധ്യാപകരുടെ ലഭ്യത, വിദ്യാർഥികൾക്ക് പ്രാദേശിക ഭാഷകളിൽ ഉത്തരം എഴുതാൻ കഴിയുമെങ്കിൽ ഇതിനായുള്ള കർമപദ്ധതി എന്നിവയുടെ വിവരങ്ങളും യുജിസി സർവകലാശാലകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.