ന്യൂഡൽഹി: കോൺഗ്രസ് സഹകരണവുമായി ബന്ധപ്പെട്ട് സിപിഎമ്മിൽ ഭിന്നത രൂക്ഷം. കോൺഗ്രസുമായി ഒരു ബന്ധവും പാടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പ്രകാശ് കാരാട്ട് പക്ഷവും കേരള ഘടകവും. അതേസമയം, കോൺഗ്രസുമായി സഹകരണം വേണം എന്ന നിലപാടിലാണ് ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. അഭിപ്രായ ഭിന്നത രൂക്ഷമായതിനെ തുടർന്ന് കരട് രാഷ്ട്രീയ നയം നിശ്ചയിക്കുന്നതിന് കേന്ദ്ര കമ്മിറ്റിയിൽ വോട്ടെടുപ്പ് നടത്തിയേക്കും.

വി.എസ്.അച്യുതാനന്ദന്‍, തോമസ് ഐസക് എന്നിവര്‍ സീതാറാം യച്ചൂരിയുടെ നിലപാടിനെ പിന്തുണയ്ക്കുന്നുണ്ട്. ബംഗാൾ ഘടകം ഒന്നടങ്കവും യച്ചൂരിക്ക് ഒപ്പമാണ്. കോണ്‍ഗ്രസുമായുള്ള സഹകരണം പൂര്‍ണമായും തള്ളരുതെന്നാണ് ബംഗാള്‍ ഘടകത്തിന്റെ നിലപാട്. തമിഴ്നാട്, ആന്ധ്ര, തെലങ്കാന സംസ്ഥാനഘടകങ്ങളിലെ നേതാക്കള്‍ക്ക് കോണ്‍ഗ്രസ് സഹകരണത്തിന്‍റെ കാര്യത്തില്‍ ഏകാഭിപ്രായമില്ല. അതേസമയം, കോണ്‍ഗ്രസുമായി കൈകോര്‍ക്കേണ്ടതില്ലെന്ന പ്രകാശ് കാരാട്ടിന്‍റെ നിലപാടിനാണ് കേന്ദ്ര കമ്മിറ്റിയിൽ മുൻതൂക്കം എന്നാണ് സൂചന.

കോണ്‍ഗ്രസ് സഖ്യത്തെ സംബന്ധിച്ച് സിപിഎം ജനറൽ സെക്രട്ടറി സിതാറാം യച്ചൂരിയുടെ നിലപാടിന് ഇന്നലെ ചേർന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ വിഎസ് പൂർണ പിന്തുണ അറിയിച്ചിരുന്നു. മതേതരപാര്‍ട്ടികളുടെ സഹകരണം കാലഘട്ടത്തിന്റെ ആവശ്യമാണ്. വര്‍ഗീയ, ഫാസിസ്റ്റ് ശക്തികളെ ചെറുക്കാന്‍ സാധ്യമായ എല്ലാ വഴികളും തേടണം. ബിജെപിയെ സാധ്യമായ എല്ലാ വഴികളും ഉപയോഗിച്ച് ചെറുക്കുകയെന്നതാണ് പാര്‍ട്ടിയുടെ മുന്നിലുള്ള പ്രാഥമിക കടമയെന്നും വിഎസ് പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ