ന്യൂഡൽഹി: കശ്‌മീരിൽ വിഘടനവാദികൾക്ക് പണം നൽകിയെന്ന പേരിൽ അറസ്റ്റിലായ മുതിർന്ന വിഘടനവാദി നേതാവ് ഷബിർ ഷായുടെ മകൾക്ക് സിബിഎസ്ഇ പരീക്ഷയിൽ ഉന്നത വിജയം. അത്‌വാജനിലെ ഡൽഹി പബ്ലിക് സ്കൂളിൽ ആർട്‌സ് വിദ്യാർത്ഥിനിയായ സമ ഷബിർ ഷാ ജമ്മു കശ്‌മീർ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മാർക്ക് നേടി വിജയിച്ചു.

ജമ്മു കശ്‌മീരിൽ ഭൂരിഭാഗം സ്‌കൂളുകളും എൻസിആർടി സിലബസാണ് പിന്തുടരുന്നത്. വളരെ കുറച്ച് സ്‌കൂളുകൾ മാത്രമേ സ്റ്റേറ്റ് സിലബസ് പിന്തുടരുന്നുളളൂ. സമ ഷബിർ ഷാ, 97.8 ശതമാനം മാർക്ക് നേടിയാണ് വിജയിച്ചത്.

കശ്‌മീരിലെ തീവ്ര വിഘടനവാദ നിലപാട് സ്വീകരിക്കുന്ന പ്രധാന നേതാക്കളിലൊരാളാണ് ഷബിർ ഷാ എന്നാണ് ആരോപണം. കഴിഞ്ഞ ജൂലൈയിൽ അറസ്റ്റിലായ ഇദ്ദേഹം അന്ന് മുതൽ തിഹാർ ജയിലിൽ തടവിലാണ്. 2007 ൽ വിഘടനവാദികൾക്ക് പണം നൽകിയെന്നാണ് ഇദ്ദേഹത്തിനെതിരെ ചുമത്തപ്പെട്ടിരിക്കുന്ന കുറ്റം. ജമ്മു കശ്‌മീർ ഡമോക്രാറ്റിക് ഫ്രീഡം പാർട്ടിയുടെ സ്ഥാപക നേതാവാണ് ഇദ്ദേഹം.

“എനിക്ക് സന്തോഷവും ദുഃഖവും ഉണ്ട്. എന്റെ വിജയം രാജ്യം മുഴുവൻ അറിഞ്ഞു. പക്ഷെ എന്റെ അച്ഛൻ ഇതുവരെ ഇക്കാര്യം അറിഞ്ഞിട്ടില്ല,” 19 കാരിയായ പെൺകുട്ടി പറഞ്ഞു. സമയെ അഭിനന്ദിച്ച് ജമ്മു കശ്‌മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ