അലഹബാദ്: നിയമ വിദ്യാർത്ഥിയായ ദളിത് യുവാവിനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഉത്തർപ്രദേശിലെ അലഹബാദിൽ കലാപം പടരുന്നു. പ്രതിഷേധം ദലിത് സംഘടനകൾ ഏറ്റെടുത്തതിനെ തുടർന്ന് ഇവിടെ ഒരു ബസ് കത്തിച്ചു. പ്രതിഷേധം ആളിക്കത്തുന്നതിനിടെ ഭരണകക്ഷിയായ ബിജെപിക്കെതിരെ കുറ്റപ്പെടുത്തലുമായി പ്രതിപക്ഷവും രംഗത്തെത്തി.

രോഷാകുലരായ വിദ്യാർത്ഥികൾ ജില്ല കളക്ടർ എൽവൈ സുഹാസിന്റെ വീട്ടിലേക്ക് നടത്തിയ മാർച്ചും അക്രമാസക്തയായി. വെളളിയാഴ്ച രാത്രി നാലംഗ സംഘം അതിക്രൂരമായി ആക്രമിച്ച ദിലീപ് സരോജ് എന്ന നിയമവിദ്യാർത്ഥി പിന്നീട് കോമ അവസ്ഥയിൽ ആശുപത്രിയിലായിരുന്നു.   ഇന്നാണ്  വിദ്യാർത്ഥി മരണമടഞ്ഞത്. ഇതോടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.

അലഹബാദ് സർവ്വകലാശാലയിലെ സമാജ്‌വാദി യുവജൻ സഭ വിദ്യാർത്ഥികളാണ് പ്രക്ഷോഭം അഴിച്ചുവിട്ടത്. ഇവർക്ക് പിന്തുണയുമായി ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷനും രംഗത്തുണ്ട്. മരിച്ച വിദ്യാർത്ഥിക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടും കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് സമരം.

വിദ്വേഷ രാഷ്ട്രീയം പ്രചരിപ്പിച്ച ബിജെപി സർക്കാരാണ് കൊലപാതകത്തിന്റെ യഥാർത്ഥ കാരണക്കാരെന്ന് തുറന്നടിച്ച മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി മായാവതി അതിരൂക്ഷമായാണ് സർക്കാരിനെ വിമർശിച്ചത്. ഇതാദ്യത്തെ സംഭവമല്ലെന്ന് പറഞ്ഞ മായാവതി ബിജെപി അധികാരത്തിലേറിയ ശേഷം തുടർച്ചയായി ദലിതർ ആക്രമിക്കപ്പെടുകയാണെന്ന് കുറ്റപ്പെടുത്തി.

നിയമസഭയിലും ഭരണപക്ഷത്തിനെതിരെ പ്രതിഷേധം അരങ്ങേറി. സമാജ്‌വാദി പാർട്ടി നേതാവ് മുഹമ്മദ് ഹസ്സൻ ബിജെപി സർക്കാരിനെ തുറന്നെതിർത്തു. കൊല്ലപ്പെട്ട വിദ്യാർത്ഥിയുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് സമാജ്‌വാദി പാർട്ടി തലവൻ അഖിലേഷ് യാദവ് ആവശ്യപ്പെട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook