ദിസ്പൂര്‍: കത്തുവയില്‍ എട്ടുവയസുകാരി ക്ഷേത്രത്തിനകത്ത് കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന്റെ പ്രതികരണമായി ബിജെപി വക്താവ് മീനാക്ഷി ലേഖി ചോദിച്ചത്, അസമിലെ നൈഗണില്‍ 12കാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് എന്തുകൊണ്ടാണ് ആരും മിണ്ടാത്തതെന്നും, അതിലെ പ്രതിയായ സക്കീര്‍ ഹുസൈന്റെ പേര് ആരും പറയാത്തത് എന്തുകൊണ്ടാണ് എന്നുമായിരുന്നു.
എന്നാല്‍ കത്തുവ ബലാത്സംഗക്കേസോ, ഈ കേസിലെ പ്രതിയുടെ മതവിശ്വാസമോ ഒന്നുമല്ല, 12വയസുകാരിയുടെ അച്ഛനെ സംബന്ധിടത്തോളം പ്രധാനപ്പെട്ട വിഷയം. തന്റെ മകളുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടപ്പോള്‍ ആ പിതാവ് ആദ്യം പറഞ്ഞത്, ‘അള്ളാ, എന്നെ നീ സ്നേഹിക്കുന്നുവെങ്കില്‍, അവളെ സംസാരിക്കാന്‍ അനുവദിക്കൂ,’ എന്നായിരുന്നു.
”കത്തുവയിലെ പീഡനത്തെക്കുറിച്ച് എന്തോ കേട്ടിരുന്നു. പക്ഷെ അങ്ങനെയൊന്ന് നമ്മുടെ കുടുംബത്തിലോ, അയല്‍വക്കത്തോ ഒന്നും നടക്കുമെന്ന് എങ്ങനെയാണ് വിശ്വസിക്കാന്‍ കഴിയുക? ഞാനിപ്പോളും ഞെട്ടലിലാണ്” ഇന്ത്യന്‍ എക്സ്പ്രസ്സിനോട് അദ്ദേഹം പറഞ്ഞു.
പെണ്‍കുട്ടിയുടെ ശബ്ദം പുറത്തുവരാത്ത രീതിയില്‍ വാമൂടി, കൂട്ടബലാത്സംഗത്തിനു ശേഷം മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നുവെന്ന് പൊലീസ് എഫ്ഐആറില്‍ പറയുന്നു. കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്ന സമയത്ത് പ്രതിയുടെ പേര് പറയാന്‍ കുട്ടി ശ്രമിച്ചിരുന്നതായും പൊലീസ് പറയുന്നു.
അഞ്ചാംക്ലാസുകാരിയായ പെണ്‍കുട്ടി മൂന്നു തവണ ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ട്. കുട്ടിയുടെ സഹപാഠികളായ 12ഉം 11ഉം വയസുള്ള ആണ്‍കുട്ടികളും, 19കാരനായ അയല്‍വാസി സക്കീര്‍ ഹുസൈനും ചേര്‍ന്നാണ് ബലാത്സംഗം ചെയ്തത്. മൂന്നു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. സക്കീര്‍ ഹുസൈന് നൈഗണിലെ സെന്‍ട്രല്‍ ജയിലിലാണ്. പ്രായപൂര്‍ത്തിയാകാത്ത മറ്റു രണ്ടുപേരും ജോറട്ടിലെ ഒബ്സര്‍വേഷന്‍ ഹോമിലാക്കിയിരിക്കുകയാണ്.